തുഷാർ സഞ്ചരിച്ച വാഹനത്തിന്റെ ചില്ല് തകർത്തു, 15ഓളം പ്രവർത്തകർക്ക് പരിക്ക്

മലപ്പുറം: വയനാട് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്ക് നേരെ മലപ്പുറം വണ്ടൂരിൽ വച്ച് രണ്ടു തവണ ആക്രമണം. ഇന്നലെ വൈകിട്ട് അഞ്ചിനും രാത്രി ഏഴരയ്ക്കുമായാണ് ആക്രമണം അരങ്ങേറിയത്. ആദ്യ ആക്രമണത്തിൽ തുഷാർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ചില്ലുകൾ തകർന്നപ്പോൾ രണ്ടാമത് മാരകായുധങ്ങളുമായി നടന്ന ആക്രമണത്തിൽ 15ഓളം പ്രവർത്തകർക്ക് പരിക്കേറ്റു. തുഷാറിന് പരിക്കൊന്നുമില്ല.

വൈകിട്ട് അഞ്ചോടെ കാളികാവ് കല്ലാമൂലയിലായിരുന്നു ആദ്യ ആക്രമണം. സ്ഥാനാർത്ഥിയുടെ വാഹന വ്യൂഹം കടന്നുപോകുന്നതിനിടെ സ്ഥലത്ത് യു.ഡി.എഫിന്റെ സമ്മേളനം നടക്കുന്നുണ്ടായിരുന്നു. ഇവിടെ തടിച്ചുകൂടിയ കോൺഗ്രസ്, മുസ്ലിം ലീഗ് പ്രവർത്തകർ വാഹനത്തിന് മുന്നിലേക്ക് ചാടിവീണ് യാത്ര തടഞ്ഞു. 25 മിനിറ്റോളം ഇവർ വാഹനം തടഞ്ഞിട്ട് ബഹളം വയ്ക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സംഘർഷത്തിനിടെ തുഷാർ സഞ്ചരിച്ച വാഹനത്തിന്റെ ചില്ലുകൾ തകർന്നു. എ.പി. അനിൽകുമാർ എം.എൽ.എയുടെ സാന്നിദ്ധ്യത്തിലാണ് ആക്രമണം നടന്നതെന്നും ഇത് തടയാൻ യു.ഡി.എഫ് നേതാക്കളുടെ ഭാഗത്തുനിന്നും ശ്രമങ്ങളൊന്നുമുണ്ടായില്ലെന്നും തുഷാറിനൊപ്പമുണ്ടായിരുന്ന ബി.ഡി.ജെ.എസ് പ്രവർത്തകർ ആരോപിച്ചു.

വൈകിട്ട് ഏഴരയോടെ വണ്ടൂർ നടുത്ത് പൂങ്ങോട് വച്ചായിരുന്നു രണ്ടാമത്തെ ആക്രമണം. കയറ്റം കയറുന്നതിനിടെ ഒരു സംഘം ആളുകൾ മാരകായുധങ്ങളുമായി വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടി വീഴുകയായിരുന്നു. തുഷാറിന്റെ വാഹനത്തിന് മുന്നിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന പ്രവർത്തകർക്കുനേരെയാണ് ഇവർ ആക്രമണം അഴിച്ചുവിട്ടത്. ഈ ആക്രമണത്തിന് പിന്നിലാരാണെന്ന് വ്യക്തമല്ല. ആക്രമണത്തിൽ പരിക്കേറ്റ 15ഓളം പ്രവർത്തകരെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആദ്യത്തെ ആക്രമണം യാദൃച്ഛികമായി ഉണ്ടായതാണെങ്കിൽ രണ്ടാമത്തേത് ആസൂത്രിതമായിരുന്നെന്ന് ബി.ഡി.ജെ.എസ് പ്രവർത്തകർ ആരോപിക്കുന്നു. മാരകായുധങ്ങളുമായി നേരത്തെ സംഘടിച്ച സംഘം ആസൂത്രണം ചെയ്ത് അക്രമം അഴിച്ചുവീടുകയായിരുന്നു. പ്രകോപനങ്ങളൊന്നും തങ്ങളുടെ ഭാഗത്തുനിന്നുണ്ടായില്ലെന്നും ഇവർ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular