ജെറ്റ് എയര്‍വേയ്‌സിന്റെ എല്ലാ സര്‍വീസുകളും നിര്‍ത്തിവച്ചു

മുംബൈ: തകര്‍ച്ചയുടെ വക്കിലെത്തിയ ജെറ്റ് എയര്‍വെയ്സ് എല്ലാ വിമാന സര്‍വീസുകളും ബുധനാഴ്ച രാത്രിയോടെ നിര്‍ത്തിവെക്കും. നാമമാത്രമായ സര്‍വീസുകളെങ്കിലും നടത്തുന്നതിന് ആവശ്യമായ 400 കോടി സമാഹരിക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിന് തുടര്‍ന്നാണിത്. ബുധനാഴ്ച രാത്രി 10.30 ന് ജെറ്റ് എയര്‍വെയ്സിന്റെ അവസാന വിമാനവും നിലത്തിറങ്ങുമെന്ന് കമ്പനി അധികൃതര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അഞ്ച് വിമാനങ്ങള്‍ മാത്രമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സര്‍വീസ് നടത്തിയിരുന്നത്.

നിലവിലുള്ള സാമ്പത്തിക സ്ഥിതിയില്‍ അധിക ഫണ്ട് ലഭിക്കാതെ വിമാന സര്‍വീസുകള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ലെന്ന് കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. രാജ്യാന്തര വിമാന സര്‍വീസുകള്‍ നേരത്തെതന്നെ കമ്പനി നിര്‍ത്തിവച്ചിരുന്നു. മുംബൈ – അമൃത്സര്‍ വിമാനം രാത്രി നിലത്തിറങ്ങുന്നതോടെ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

120 ലേറെ വിമാന സര്‍വീസുകളാണ് കമ്പനി നേരത്തെ നടത്തിവന്നത്. പ്രതിസന്ധിയിലായതോടെ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്ത സാഹചര്യമുണ്ടായി. വിദേശ കൊറിയര്‍ കമ്പനിക്ക് വന്‍തുക നല്‍കാതിരുന്നതിനെത്തുടര്‍ന്ന് ജെറ്റ് എയര്‍വെയ്സിന്റെ വിമാനം ആംസ്റ്റര്‍ഡാം വിമാനത്താവളത്തില്‍നിന്ന് ജപ്തി ചെയ്തിരുന്നു.20,000 ലേറെ ജീവനക്കാരുടെ തൊഴില്‍ സംരക്ഷിക്കണമെന്ന് പൈലറ്റുമാര്‍ അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ഥിച്ചിരുന്നു.

SHARE