ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രാഹുല്‍; പത്തനംതിട്ടയെ പുളകംകൊള്ളിച്ച് പ്രസംഗം; ജയം സുനിശ്ചിതമെന്ന് യുഡിഎഫ്‌

എല്ലാ വിഭാഗങ്ങളിൽ പെട്ടവരുടെയും വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും കാവലാളാകാൻ കോൺഗ്രസിന് മാത്രമേ കഴിയൂ എന്ന് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പത്തനംതിട്ടയിലെ യു ഡി എഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ പ്രചാരണത്തിനായി അരങ്ങേറിയ കൂറ്റൻ റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

“ആളുകള്‍ക്ക് അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും പ്രകടപ്പിക്കുന്നതിലോ, നടത്തുന്നതിലോ കോണ്‍ഗ്രസ് പാര്‍ട്ടി ഒരിക്കലും തടസ്സം നില്‍ക്കില്ല. കേരളത്തിലെ ജനങ്ങളുടെ യുക്തിക്ക് ഞാന്‍ ആ വിഷയം വിട്ട് കൊടുക്കുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് തീരുമാനമെടുക്കാനുള്ള കഴിവുണ്ട്” – നീണ്ട കരഘോഷങ്ങൾക്കിടയിൽ അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയം ഏറ്റവും കൂടുതൽ കത്തി നിൽക്കുന്ന പത്തനംതിട്ട മണ്ഡലത്തിൽ രാഹുലിന്റെ സന്ദർശനവും വിഷയത്തിൽ നയം വ്യക്തമാക്കിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രസംഗവും മണ്ഡലത്തിൽ യു ഡി എഫിന് അനുകൂലമായ തരംഗം സൃഷ്ടിച്ചതായി നിരീക്ഷകർ വിലയിരുത്തുന്നു. ബി ജെ പിയുടെ വർഗീയത ഇളക്കിവിട്ടുകൊണ്ടുള്ള പ്രചാരണങ്ങൾക്ക് വ്യക്തമായ മറുപടിയാണ് രാഹുൽ ഗാന്ധി ഇന്ന് പത്തനംതിട്ടയിൽ നൽകിയത്. ഈ പ്രശ്നത്തിൽ വോട്ടർമാർക്കിടയിലെ നേരിയ സംശയം പോലും ദൂരീകരിയ്ക്കാൻ രാഹുലിന്റെ പ്രസംഗത്തിന് കഴിഞ്ഞു. അതുകൊണ്ട് ഏതെങ്കിലും തെറ്റിദ്ധാരണയുടെ പുറത്തു ചാഞ്ചാടുന്ന വോട്ടുകൾ പോലും അനുകൂലമായി മാറുമെന്ന് യു ഡി എഫ് നേതാക്കളും പ്രവർത്തകരും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. രാഹുൽ ഗാന്ധി സ്ഥാനാർഥി ആന്റോ ആന്റണിയെ പരിചയെപ്പെടുത്തിയപ്പോൾ ഉയർന്ന കനത്ത കരഘോഷത്തെ ഇതിനു തെളിവായി പ്രവർത്തകർ വിലയിരുത്തുന്നു.

രാഹുലിന്റെ സന്ദർശനം തങ്ങളുടെ ആത്മവിശ്വാസം പതിന്മടങ്ങു വർധിപ്പിച്ചതായി യു ഡി എഫ് സ്ഥാനാർഥി ആന്റോ ആന്റണി പറഞ്ഞു. പുതിയ സാഹചര്യത്തിൽ പത്തനംതിട്ടയിൽ യു ഡി എഫ് തേരോട്ടം തന്നെയാണെന്ന് അദ്ദേഹം വിലയിരുത്തുന്നു. വിജയത്തെ കുറിച്ച് തെല്ല് പോലും സംശയമില്ല, രാഹുൽ പകർന്ന ഊർജം ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ കരുത്താകുമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു. എല്ലാവര്‍ക്കും വിഷുവും ഈസ്റ്ററും ആശംസിച്ച്‌കൊണ്ടാണ് രാഹുല്‍ പത്തനംതിട്ടയിലെ പ്രസംഗം അവസാനിപ്പിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular