സി.ഐ.ടി.യു തൊഴിലാളി ജന്മദിനാഘോഷത്തിന് കേക്ക് മുറിക്കാന്‍ ക്ഷണിച്ചത് വി.കെ. ശ്രീകണ്ഠനെ; സ്ഥാനാര്‍ഥിയുടെ വിഷുസദ്യ സമൂഹ വിവാഹത്തില്‍

പാലക്കാട് : സിപിഎം പോഷക സംഘടനയായ സി.ഐ.ടി.യു തൊഴിലാളി തന്റെ ജന്മദിനാഘോഷത്തിന് കേക്ക് മുറിക്കാന്‍ ക്ഷണിച്ചത് യു ഡി എഫ് സ്ഥാനാര്‍ഥി വികെ ശ്രീകണ്ഠനെ. വിഷു ദിനത്തില്‍ തിരുനെല്ലായിയിലെ പര്യടനത്തിനിടയില്‍ വഴിയരികില്‍ വോട്ടഭ്യര്‍ത്ഥനയുമായി ഇറങ്ങിയ സ്ഥാനാര്‍ത്ഥിയെ സി.ഐ.ടി.യു തൊഴിലാളി തന്റെ ജന്മദിനാഘോഷത്തിന് കേക്ക് മുറിക്കാനായി ക്ഷണിച്ചു.

സന്തോഷത്തോടെ ക്ഷണം സ്വീകരിച്ച സ്ഥാനാര്‍ത്ഥി കേക്ക് മുറിച്ച് ജന്മദിനാഘോഷത്തില്‍ പങ്കെടുത്താണ് മടങ്ങിയത്. മണ്ഡലത്തില്‍ രാഷ്ട്രീയത്തിനതീതമായി ശ്രീകണ്ഠനുള്ള ജനകീയത വ്യക്തമാക്കുന്നതായിരുന്നു സംഭവം. ഷാഫി പറമ്പില്‍ എം എല്‍ എയും ഒപ്പമുണ്ടായിരുന്നു.

ചിന്മയ ഗുരുവായൂരപ്പന്‍ ക്ഷേത്ര ദര്‍ശനത്തോടെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠന്റെ വിഷു ആഘോഷം തുടങ്ങിയത്. ക്ഷേത്ര ദര്‍ശന ശേഷം അവിടെയുണ്ടായിരുന്ന നൂറിലേറെ വിശ്വാസികളെ കണ്ട് വിഷു ആശംസകള്‍ നേരുകയും വോട്ടഭ്യര്‍ത്ഥിക്കുകയും ചെയ്തു.

തുടര്‍ന്ന് വടക്കന്തറ, മൂത്താന്തറ ക്ഷേത്രങ്ങളിലും സ്ഥാനാര്‍ത്ഥി ദര്‍ശനം നടത്തി. ക്ഷേത്ര ദര്‍ശനത്തോടെയാണ് പാലക്കാട് നിയോജക മണ്ഡലം പര്യടനത്തിന് തുടക്കം കുറിച്ചത്.

തുടര്‍ന്ന് ഭീമാ ജുവല്ലറിയിലെ ജീവനക്കാരെ കണ്ട് വോട്ടഭ്യര്‍ത്ഥിക്കുകയും ജീവനക്കാരോടൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു. ശേഷം കാടാംകോട്, തിരുനെല്ലായി ഗ്രാമം, മണലാഞ്ചേരി എന്നിവടങ്ങളില്‍ സ്ഥാനാര്‍ത്ഥി പര്യടനം നടത്തി. തിരുനെല്ലായി അഗ്രഹാരത്തിലെ നിരവധി വീടുകളില്‍ ചെന്ന് സ്ഥാനാര്‍ത്ഥി വോട്ടര്‍മാരെ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു.

പുതുപ്പള്ളിതെരുവില്‍ ഷാഫി ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സമൂഹ വിവാഹത്തിലും സ്ഥാനാര്‍ത്ഥി പങ്കെടുത്തു. സമൂഹ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ആയിരങ്ങളെ സ്ഥാനാര്‍ത്ഥി അഭിസംബോധന ചെയ്തു. അവിടെയുള്ള വോട്ടര്‍മാരെ കണ്ട് വോട്ടഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. വിവാഹ ചടങ്ങിലെ സദ്യയായിരുന്നു സ്ഥാനാര്‍ത്ഥിയുടെ ഇന്നത്തെ ഉച്ചഭക്ഷണം.

തുടര്‍ന്ന് മേഴ്സി കോളേജ്, കാണിക്കാമാതാ സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരായ കന്യാസ്ത്രീകളെ കണ്ട് വോട്ടഭ്യര്‍ത്ഥന നടത്തി. വയോധികരായ അന്തേവാസികളുള്ള മേഴ്സി ഹോമിലും സന്ദര്‍ശിച്ചു. അവിടെയുള്ള അന്തേവാസികള്‍ സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി പ്രാര്‍ത്ഥിച്ചു.

ഉച്ചയ്ക്ക് 3.30ന് നരികുത്തിയില്‍ നിന്ന് ബൈക്ക് റാലിയോടെയാണ് പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് പറക്കുന്നം, നീലിക്കാട്, പുത്തന്‍പുര, പൂക്കാരത്തോട്ടം, പേഴുങ്കര എന്നിവടങ്ങളില്‍ പര്യടനം നടത്തി. ഇടതുമുന്നണി സ്ഥാനാര്‍ഥി എം ബി രാജേഷും വിഷു ദിനത്തില്‍ മണ്ഡലത്തില്‍ സജീവമായിരുന്നു .

Similar Articles

Comments

Advertismentspot_img

Most Popular