പ്രധാനമന്ത്രി പ്രസംഗിച്ചുകൊണ്ടിരിക്കേ സ്റ്റേജിന് തീപിടിച്ചു; മൂന്ന് പേര്‍ കസ്റ്റഡിയില്‍

അലിഗഡ്: തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചുകൊണ്ടിരിക്കെ സ്റ്റേജിന് താഴെ തീപിടിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഡിലായിരുന്നു സംഭവം. സ്റ്റേജില്‍ എസിയിലേക്ക് വൈദ്യുതി എത്തിച്ച വയര്‍ ചൂടുപിടിച്ച് കത്തിയതാണെന്നാണ് പ്രാഥമിക വിവരം.

സ്റ്റേജില്‍ വൈദ്യുതോപകരണങ്ങള്‍ സജ്ജീകരിക്കുന്നതിന് കരാറെടുത്ത കരാറുകാരനടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ കേസും ചുമത്തി. തീപിടിച്ച ഉടന്‍ തന്നെ ഇത് കണ്ടെത്താന്‍ സാധിച്ചതിനെ തുടര്‍ന്ന് വേഗത്തില്‍ തന്നെ അണച്ചു.

പ്രധാനമന്ത്രി മോദിയുടെ പ്രസംഗം തടസപ്പെട്ടില്ല. സുരക്ഷാ ജീവനക്കാരാണ് ആരും അറിയാതെ തന്നെ തീയണച്ചത്. എന്നാല്‍ മോദിയുടെ പ്രസംഗം തീര്‍ന്ന ഉടന്‍ തന്നെ കരാറുകാരനെ അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ തൊഴിലാളികളാണ് പിടിയിലായ മറ്റ് രണ്ട് പേര്‍ എന്നാണ് വിവരം. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഉണ്ടായത്. എന്നാല്‍ അതീവ രഹസ്യമായി തന്നെ സുരക്ഷാ ജീവനക്കാരും ഉത്തര്‍പ്രദേശ് പൊലീസും വീഴ്ച മറച്ചുവെക്കുകയായിരുന്നു.

SHARE