എട്ടില്‍ ഏഴും ജയിച്ച് ചെന്നൈ; കൊല്‍ക്കത്തയെ വീണ്ടും തോല്‍പ്പിച്ചു

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വീണ്ടും ജയം. ഇതുവരെ കളിച്ച എട്ടു മത്സരങ്ങളില്‍ ഏഴും ജയിച്ചത് ചെന്നൈ മാത്രം. കൊല്‍ക്കത്തയുടെ 161 റണ്‍സ് ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് പന്ത് ബാക്കിനില്‍ക്കേ ചെന്നൈ മറികടന്നു. അര്‍ദ്ധ സെഞ്ചുറി നേടിയ സുരേഷ് റെയ്നയാണ് വിജയശില്‍പി. കൊല്‍ക്കത്തയ്ക്കായി നരെയ്നും ചൗളയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ചെന്നൈയുടെ ഷെയ്ന്‍ വാട്സണെ(6) തുടക്കത്തിലെ ഹാരി എല്‍ബിയില്‍ കുടുക്കി. മികച്ച തുടക്കം ലഭിച്ചെങ്കിലും 16 പന്തില്‍ 24 റണ്‍സെടുത്ത ഡുപ്ലസിസ് നരെയ്ന്റെ ആറാം ഓവറില്‍ ബൗള്‍ഡായി. അഞ്ച് റണ്‍സുമായി അമ്പാട്ടി റായുഡുവും വന്നപോലെ മടങ്ങി. കേദാര്‍ ജാദവ്(12 പന്തില്‍ 20) മികച്ച തുടക്കം നേടിയെങ്കിലും ചൗളയ്ക്ക് മുന്നില്‍ വീണു.

നരെയ്ന്റെ 16-ാം ഓവറിലെ നാലാം പന്തില്‍ ധോണി(16) എല്‍ബിയില്‍ കുടുങ്ങി. പിന്നാലെ റെയ്ന 36 പന്തില്‍ അര്‍ദ്ധ സെഞ്ചുറിയിലെത്തി. അവസാന മൂന്ന് ഓവറില്‍ 32 റണ്‍സാണ് ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. 19.4 ഓവറില്‍ റെയ്നയും(42 പന്തില്‍ 58) ജഡേജയും(17 പന്തില്‍ 31) ഈ ലക്ഷ്യത്തിലെത്തി.

ഇമ്രാന്‍ താഹിറിന്റെ നാല് വിക്കറ്റ് പ്രകടനത്തില്‍ കൊല്‍ക്കത്തയെ 161ല്‍ തളയ്ക്കുകയായിരുന്നു നേരത്തെ ചെന്നൈ സൂപ്പര്‍ കിംഗ്സ്. കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിനാണ് ഇത്രയും റണ്‍സെടുത്തത്. ഓപ്പണര്‍ ക്രിസ് ലിന്നിന്റെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി(51 പന്തില്‍ 82) മാത്രമാണ് കൊല്‍ക്കത്തയ്ക്ക് ഓര്‍മ്മിക്കാനുള്ളത്. സുനില്‍ നരെയ്ന്‍(2), നിതീഷ് റാണ(21), റോബിന്‍ ഉത്തപ്പ(0), ദിനേശ് കാര്‍ത്തിക്(18), ആന്ദ്രേ റസല്‍(10), ശുഭ്മാന്‍ ഗില്‍(15), പീയുഷ് ചൗള(4) കുല്‍ദീപ് യാദവ്(0) എന്നിങ്ങനെയായിരുന്നു കൊല്‍ക്കത്ത താരങ്ങളുടെ സ്‌കോര്‍. താക്കൂര്‍ രണ്ടും സാന്റ്നര്‍ ഒരു വിക്കറ്റും വീഴ്ത്തി. മത്സരത്തില്‍ നാല് ക്യാച്ചെടുത്ത് ഫീല്‍ഡില്‍ ഡുപ്ലസി താരമായി.

SHARE