നോട്ട് നിരോധനം തകര്‍ത്ത സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കും: രാഹുല്‍

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് നിരോധനം കൊണ്ട് മോദി രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തകര്‍ത്തെന്ന് രാഹുല്‍ ആരോപിച്ചു. ‘ന്യായ്’ പദ്ധതിയിലൂടെ കോണ്‍ഗ്രസ് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്നും അദ്ദേഹം മൈസൂരുവില്‍ തിരഞ്ഞെടുപ്പു റാലിയില്‍ പറഞ്ഞു.

നോട്ട് നിരോധനം സമ്പദ്വ്യവസ്ഥയെ നശിപ്പിച്ചു. ഫാക്ടറികള്‍ അടച്ചുപൂട്ടി. തൊഴിലില്ലായ്മ വര്‍ധിച്ചു. ന്യായ് നിങ്ങള്‍ക്ക് പണം കയ്യില്‍ തരും. പണം കിട്ടുന്നതോടെ നിങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കും. അതോടെ സമ്പദ്വ്യവസ്ഥ പുനരുജ്ജീവിക്കപ്പെടും. തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കും. സമ്പദ്ഘടന പുനരുജ്ജീവിപ്പിക്കപ്പെടും. ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കും- രാഹുലിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

സര്‍ക്കാര്‍ ജോലികളിലെ 22 ലക്ഷം ഒഴിവുകള്‍ നികത്തുമെന്നും രാഹുല്‍ പറഞ്ഞു. ഒറ്റവര്‍ഷം കൊണ്ട് ഇത് നടപ്പാക്കും. പത്തുലക്ഷം യുവാക്കള്‍ക്ക് പഞ്ചായത്തുകളില്‍ തൊഴില്‍ ലഭിക്കും. രാജ്യത്തെ ഏറ്റവും പാവപ്പെട്ട ഇരുപത് ശതമാനം ആളുകള്‍ക്ക് വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി, കൈവരിക്കാന്‍ സാധിക്കുന്ന ലക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദാരിദ്ര്യത്തിനെതിരെയുള്ള കോണ്‍ഗ്രസിന്റെ മിന്നലാക്രമണമാണിത്. മോദിക്ക് രാജ്യത്തെ അതിസമ്പന്നര്‍ക്ക് പണം നല്‍കാമെങ്കില്‍ കോണ്‍ഗ്രസിനും ജെ ഡി എസിനും രാജ്യത്തെ എറ്റവും പാവപ്പെട്ടവര്‍ക്ക് പണം നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനു ശേഷം ജി എസ് ടിയില്‍ മാറ്റം വരുത്തുമെന്നും രാഹുല്‍ പറഞ്ഞു.

ചൗക്കീദാര്‍ (കാവല്‍ക്കാരന്‍) എന്ന് മോദി സ്വയം വിശേഷിപ്പിക്കുന്നതിനെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ വിമര്‍ശിച്ചു. പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും തൊഴില്‍രഹിതരുടെയും വീടിനു മുന്നില്‍ ചൗക്കീദാര്‍ ഇല്ല. അനില്‍ അംബാനിയെ പോലുള്ളവരുടെ വീടിനു മുന്നില്‍ മാത്രമാണ് ചൗക്കീദാര്‍ ഉള്ളത്. രാജ്യത്തെ മുഴുവന്‍ കാവല്‍ക്കാര്‍ക്കും മോദി അപമാനം വരുത്തിവച്ചെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

SHARE