വയനാടിനെ പാകിസ്ഥാനോട് ഉപമിച്ച അമിത് ഷായുടെ പരാമര്‍ശത്തില്‍ ബിഡിജെഎസിന് അതൃപ്തി

വയനാട്: വയനാട്ടില്‍ രാഹുല്‍ ഗാന്ധി നടത്തിയ റോഡ് ഷോ കണ്ടാല്‍ പാകിസ്ഥാനിലാണ് റാലി നടന്നതെന്ന് തോന്നും എന്ന അമിത് ഷായുടെ പരാമര്‍ശത്തില്‍ ബിഡിജെഎസിന് അതൃപ്തി. അമിത്ഷായുടെ പ്രസ്താവനയെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു. അമിത് ഷായുടെ പരാമര്‍ശത്തെക്കുറിച്ച് ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളോടും തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചില്ല. അമിത് ഷായെ ന്യായീകരിക്കാനോ തള്ളിപ്പറയാനോ തുഷാര്‍ വെള്ളാപ്പള്ളി തയ്യാറാകുന്നില്ലെങ്കിലും പാകിസ്ഥാന്‍ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തിയുണ്ടെന്നാണ് ബിഡിജെഎസ് നേതൃത്വത്തില്‍ നിന്ന് കിട്ടുന്ന സൂചന.
അമിത് ഷാ വയനാടിനെ പാകിസ്ഥാനോട് ഉപമിച്ചത് കോണ്‍ഗ്രസും ഇടതുപക്ഷവും വയനാട്ടില്‍ ശക്തമായ പ്രചാരണ ആയുധമാക്കുകയാണ്. വോട്ട് ചോദിച്ച് വീടുവീടാന്തരം കയറുന്ന ബിജെപി, ബിഡിജെഎസ് പ്രവര്‍ത്തകര്‍ക്ക് അമിത്ഷായുടെ പാകിസ്ഥാന്‍ പരാമര്‍ശത്തിന് മറുപടി പറയേണ്ട നില പലയിടത്തുമുണ്ട്.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 44 ശതമാനം പ്രാതിനിധ്യമുള്ള വയനാട്ടില്‍ അമിത് ഷായുടെ പാകിസ്ഥാന്‍ പരാമര്‍ശം തിരിച്ചടിയാകും എന്നാണ് ബിഡിജെഎസിന്റെ വിലയിരുത്തല്‍. വയനാട് മണ്ഡലത്തില്‍ രണ്ടാം ഘട്ടം പ്രചാരണം പൂര്‍ത്തിയായ ഘട്ടത്തില്‍ ഹിന്ദു ഭൂരിപക്ഷ പ്രദേശത്തുനിന്ന് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് ഒളിച്ചോടി എന്ന നരേന്ദ്രമോദിയുടെ പരാമര്‍ശവും അതിന് പിന്നാലെ വന്ന അമിത് ഷായുടെ പാകിസ്ഥാന്‍ പ്രയോഗവും എന്‍ഡിഎക്ക് അനുകൂലമായി കിട്ടാനിടയുള്ള വോട്ടുകള്‍ ചോര്‍ത്തുമെന്നാണ് ബിഡിജെഎസിന്റെ ആശങ്ക.
കഴിഞ്ഞ തവണ രശ്മില്‍ നാഥ് ബിജെപിക്കുവേണ്ടി എണ്‍പതിനായിരത്തില്‍പരം വോട്ടുകള്‍ നേടിയ മണ്ഡലമാണ് വയനാട്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ വയനാട് ദേശീയ ശ്രദ്ധയിലേക്ക് വന്നപ്പോള്‍ തൃശ്ശൂരില്‍ സ്ഥാനാര്‍ത്ഥിയായി പ്രചാരണം തുടങ്ങിയ തുഷാര്‍ വെള്ളാപ്പള്ളി മികച്ച പ്രകടനം ലക്ഷ്യമിട്ടാണ് വയനാട്ടിലേക്ക് ചുവടുമാറ്റിയത്. പരസ്യപ്രതികരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും പാകിസ്ഥാന്‍ പരാമര്‍ശം എന്‍ഡിഎയില്‍ കല്ലുകടിയായിട്ടുണ്ട്. അമിത് ഷായുടെ വാക്കുകള്‍ ഉണ്ടാക്കിയ ക്ഷീണം മറികടക്കാന്‍ എല്ലാ വിഭാഗം ജനങ്ങളേയും വിശ്വാസത്തില്‍ എടുത്തുകൊണ്ട് താഴേ തട്ടുമുതല്‍ വിശദീകരണം വേണ്ടിവരുമെന്നാണ് ബിഡിജെഎസിന്റെ നിലപാട്‌

Similar Articles

Comments

Advertismentspot_img

Most Popular