ബാര്‍ കോഴ കേസിലെ എല്ലാ ഹര്‍ജികളും ഹൈക്കോടതി തീര്‍പ്പാക്കി

കൊച്ചി: ബാര്‍ കോഴ കേസിലെ എല്ലാ ഹര്‍ജികളും ഹൈക്കോടതി തീര്‍പ്പാക്കി. മാണി മരിച്ച സാഹചര്യത്തില്‍ കേസ് നിലനില്‍ക്കാത്തതുകൊണ്ടാണ് തീരുമാനം. ഹൈക്കോടതിയില്‍ വി എസ് അച്യുതാനന്ദന്‍, ബിജു രമേശ് എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് തീര്‍പ്പാക്കിയത്.
കെ എം മാണിക്ക് എതിരായ ബാര്‍ കോഴ കേസിന്റെ തുടരന്വേഷണ അനുമതിയില്‍ സര്‍ക്കാര്‍ തീരുമാനം നീളുമ്പോഴായിരുന്നു വിഎസ് അച്യുതാനന്ദന്‍ ഹൈക്കോടതിയെ സമീപിച്ചത്. തിരുവനന്തപുരം സ്‌പെഷ്യല്‍ ജഡ്ജിയുടെ തുടരന്വേഷണ ഉത്തരവില്‍ പൊതുപ്രവര്‍ത്തകര്‍ക്ക് എതിരായ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി തേടണം എന്ന അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടിയിരുന്നു. ഇതായിരുന്നു വിഎസ് ഹര്‍ജിയില്‍ ചോദ്യം ചെയ്തത്.
ഈ കേസിന്റെ തുടരന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി ആവശ്യം ഇല്ലെന്നായിരുന്നു വിഎസിന്റെ വാദം. സര്‍ക്കാര്‍ അനുമതി വേണം എന്ന നിയമ ഭേദഗതി വരുന്നതിന് മുന്‍പുള്ള കേസ് ആണിത്. ബിജു രമേശിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ താന്‍ നല്‍കിയ പരാതിയില്‍ 2014ലാണ് കേസ് രജിസ്ടര്‍ ചെയ്തത്.

പൊതു പ്രവര്‍ത്തകര്‍ക്കെതിരായ അന്വേഷണത്തില്‍ സര്‍ക്കാര്‍ അനുമതി തേടണം എന്ന ഭേദഗതി വന്നത് ഇക്കൊല്ലം ജൂലൈയിലാണ്. രണ്ടുമാസത്തിന് ശേഷം സെപ്റ്റംബറില്‍ തുടരന്വേഷണത്തിനുള്ള ഉത്തരവും വന്നു. അതുകൊണ്ടു തന്നെ തുടരന്വേഷണത്തിന് സര്‍ക്കാര്‍ അനുമതിയുടെ ആവശ്യം ഇല്ലെന്നും. തുടരന്വേഷണത്തിന് ഹൈക്കോടതി ഇടപെടല്‍ ഉണ്ടാകണം എന്നും വിഎസ് ആവശ്യപ്പെട്ടിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular