കളിച്ച ആറ് കളിയിലും തോല്‍വി…. വിമര്‍ശനങ്ങള്‍ ഒന്നിനുപുറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്നു…കോഹ്‌ലിക്ക് മുന്നില്‍ ഇനിയെന്ത്?

കോഹ്‌ലിയുടെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സാണ് ഇപ്പോള്‍ ഐപിഎല്ലിലെ ഏറ്റവും വലിയ ‘തോല്‍വി’! തോല്‍വികള്‍ കോഹ്‌ലിക്കു തീരെ ഇഷ്ടമല്ല. സീസണില്‍ കളിച്ച 6 കളികളിലും ബാംഗ്ലൂര്‍ തോറ്റുതൊപ്പിയിട്ടതോടെ കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ചും ചോദ്യങ്ങളുയരുകയാണ്. കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയെ ചോദ്യം ചെയ്ത ഗൗതം ഗംഭീറിനെ ക്രിക്കറ്റ് ആരാധകര്‍ ആദ്യം വിമര്‍ശിച്ചതാണ്. കോഹ്‌ലിയുമായി പണ്ടേയുള്ള നീരസത്തിന്റെ തുടര്‍ച്ചയായാണ് ആരാധകര്‍ ഗംഭീറിന്റെ ആരോപണത്തെ കണക്കിലെടുത്തത്. എന്നാല്‍ തോല്‍വികള്‍ തുടര്‍ക്കഥയായതോടെ ആരാധകരും അല്‍പം കണ്‍ഫ്യൂഷനിലാണ്, ഗംഭീര്‍ പറഞ്ഞതിലും കാര്യമില്ലേ…? തോല്‍വികളുടെ സമ്മര്‍ദമകറ്റി ലോകകപ്പില്‍ ഉഷാറായി തിരിച്ചുവരാന്‍ കോഹ്‌ലിക്ക് വിശ്രമം അനുവദിക്കണം എന്ന വാദത്തിനു മൈക്കല്‍ വോണും തുടക്കമിട്ടു കഴിഞ്ഞു.

തോല്‍വി ഉറപ്പായ മത്സരങ്ങള്‍ പോലും ജയിപ്പിച്ചെടുക്കുന്നതാണ് ക്യാപ്റ്റന്‍സിയുടെ കഴിവെങ്കില്‍ ഐപിഎല്ലില്‍ ധോണിക്കും രോഹിതിനും വളരെ പിന്നിലാണു കോഹ്‌ലി. ഇക്കാര്യത്തില്‍ ദിനേഷ് കാര്‍ത്തികിനു പോലും കോഹ്‌ലിയെക്കാള്‍ മാര്‍ക്കുണ്ട്. ശക്തമായ ബാറ്റിങ് ലെനപ്പുള്ള ഹൈദരാബാദിനെതിരെ അവരുടെ മൈതാനത്തു 136 റണ്‍സ് പ്രതിരോധിച്ച ടീമാണു രോഹിതിന്റെ മുംബൈ. ധോണിയുടെ ക്യാപ്റ്റന്‍സി മികവിലാണെങ്കില്‍ ആരാധകര്‍ക്ക് ഒരു ശതമാനം പോലും സംശയവുമില്ല. എന്നാല്‍ കൊല്‍ക്കത്തയ്‌ക്കെതിരെ നേടിയ വമ്പന്‍ സ്‌കോര്‍ പോലും (205) ബാംഗ്ലൂരിനെ തുണച്ചില്ല. മത്സരവിജയത്തിലേക്കു നയിക്കുന്ന തരത്തിലുള്ള നിര്‍ണായക തീരുമാനങ്ങളെടുക്കുന്നതിലും കോഹ്‌ലി പിന്നോട്ടുപോയി.
ടീമിലെ സഹതാരങ്ങളെ നിഷ്‌കരുണം കുറ്റപ്പെടുത്തുന്ന കോഹ്‌ലിയുടെ ശൈലിക്കുനേരെയും വിമര്‍ശനമുണ്ട്. ടീം അംഗങ്ങളോട് പറയാനുള്ളതൊക്കെ പറഞ്ഞുകഴിഞ്ഞെന്നും കൂടുതലായി ഒന്നും പറയാനില്ലെന്നും ഡല്‍ഹിക്കെതിരായ മത്സരത്തിനുശേഷം കോഹ്‌ലി പറഞ്ഞിരുന്നു. ടീം അംഗങ്ങളെ ഒന്നാകെ ഉത്തേജിപ്പിക്കേണ്ട ക്യാപ്റ്റനില്‍നിന്ന് ഇത്തരത്തില്‍ ഒരു പ്രതികരണം ഉണ്ടാകുന്നതു ദൗര്‍ഭാഗ്യകരമാണ്. മോശം ബോളര്‍മാരാണു ബാംഗ്ലൂരിനെ കളി തോല്‍പ്പിക്കുന്നതെങ്കില്‍ ടീം സിലക്ഷന്‍ സമയത്തേ കോഹ്‌ലി ഇത് ആലോചിക്കേണ്ടിയിരുന്നില്ലേ..?
ഫീല്‍ഡിങ്ങിനിടെ കോഹ്‌ലിയുടെ കൈയില്‍നിന്നും പന്തു പലവട്ടം വഴുതിപ്പോകുന്നതു കണ്ടതാണ്. അങ്ങനെയുള്ള കോഹ്‌ലിക്കു ടീമിന്റെ ഫീല്‍ഡിങ്ങിനെ കുറ്റം പറയാന്‍ ധാര്‍മികമായ അവകാശമുണ്ടോ ? – പല ചോദ്യങ്ങളും ഉയരുന്നു.
രാജ്യാന്തര ക്രിക്കറ്റിലും ഐപിഎല്ലിലും കോഹ്‌ലിയുടെ ബാറ്റിങ് മികവിനു പകരം വയ്ക്കാനാകില്ല. ഇവിടെയാണ് വര്‍ക്‌ലോഡും അതിസമ്മര്‍ദവും കോഹ്‌ലിയെ പിടികൂടുമോ എന്ന ആശങ്ക. ലോകകപ്പ് മുന്നില്‍ക്കണ്ട് ന്യൂസീലന്‍ഡില്‍ നടന്ന 2 ഏകദിനങ്ങളിലും ട്വന്റി20 പരമ്പരയിലും ബിസിസിഐ കോഹ്‌ലിക്കു വിശ്രമം അനുവദിച്ചിരുന്നു. എന്നാല്‍ ഐപിഎല്ലില്‍ മോശം ഫോമില്‍ കളിക്കുന്ന ബാംഗ്ലൂരിനെ നയിക്കുന്നത് കോഹ്‌ലിയുടെ സമ്മര്‍ദം വര്‍ധിപ്പിക്കാനിടയുണ്ട്.
ഇന്ത്യയുടെ ലോകകപ്പ് സാധ്യതകളില്‍ നിര്‍ണായകമാകുക കോഹ്‌ലിയുടെ പ്രകടനമാണെന്നിരിക്കെ കോഹ്‌ലി മാനസികമായും ശാരീരികമായും ഫിറ്റായിരിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. ആകെ കളിക്കുന്ന കോഹ്‌ലി കൂടി പോയാല്‍ ബാംഗ്ലൂരിന്റെ അവസ്ഥ കൂടുതല്‍ ദയനീയമാകും എന്നതു ശരിയാണ്, പക്ഷേ ഇവിടെയും തീരുമാനം എടുക്കേണ്ടതു കോഹ്‌ലിതന്നെ!

ബാംഗ്ലൂരിനായി കിരീടം നേടാനായിട്ടില്ലെങ്കിലും ഐപിഎല്ലിലെ ഏറ്റവും മികച്ച താരം കോഹ്!ലി തന്നെയാണെന്ന് കണക്കുകള്‍ പറയും. ഐപിഎല്ലിലെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്താണു കോഹ്!ലി. 161 ഇന്നിങ്‌സില്‍നിന്ന് 5151 റണ്‍സാണ് ഇതുവരെ നേടിയത്. ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിനുള്ള റെക്കോര്‍ഡും ഇന്ത്യന്‍ നായകന്റെ പേരില്‍ത്തന്നെ (2016ല്‍ 973 റണ്‍സ്)

ലോകകപ്പിനു മുന്‍പു വിരാട് കോഹ്‌ലിക്ക് ആവശ്യത്തിനു വിശ്രമം നല്‍കുക എന്ന തീരുമാനം കൈക്കൊള്ളുന്നതാകും ഇന്ത്യയ്ക്ക് ഉചിതം. ലോകകപ്പില്‍ മികവിലേക്ക് ഉയരാന്‍ കോഹ്‌ലിക്ക് ഒരു ബ്രേക്ക് ആവശ്യമാണ്.മൈക്കല്‍ വോണ്‍ (മുന്‍ ഇംഗ്ലണ്ട് താരം)
പോയതു പോട്ടെ, ശാന്തരാകുക. മുന്നിലുള്ളത് എന്തായാലും നേരിട്ടേ പറ്റൂ. സാഹചര്യങ്ങളെ മാറ്റിമറിക്കാന്‍ സാധിക്കില്ലല്ലോ. തോല്‍വികളുടെ നിരാശയില്‍ മൂഡ് നഷ്ടമാക്കുന്നത് ഇനിയുള്ള കളികളെയും ബാധിക്കും. വിരാട് കോഹ്!ലി (ഡല്‍ഹിക്കെതിരായ മല്‍സരത്തിലെ തോല്‍വിക്കുശേഷം പറഞ്ഞത്)
വിരാട് കോഹ്!ലിയുടെ ബാറ്റിങ് മികവില്‍ യാതൊരു സംശയവുമില്ല. പക്ഷേ, കോഹ്!ലിക്കു ക്യാപ്റ്റന്‍സിയില്‍ ഇടത്തരം നിലവാരം മാത്രമേയുള്ളൂ. കോഹ്!ലി ഇനിയും പലതും പഠിക്കാനുണ്ട്. ബോളര്‍മാരെ കുറ്റപ്പെടുത്തുന്നതിനു പകരം തോല്‍വികളുടെ ഉത്തരവാദിത്തം കോഹ്!ലി സ്വയം ഏറ്റെടുക്കുകയാണു വേണ്ടത്. ഗൗതം ഗംഭീര്‍ (മുന്‍ ഇന്ത്യന്‍താരം)

Similar Articles

Comments

Advertismentspot_img

Most Popular