അശ്ലീല പരാമര്‍ശം: വിജയരാഘവനെതിരേ രമ്യ ഹരിദാസ്

ആലത്തൂര്‍: അശ്ലീല പരാമര്‍ശം നടത്തിയ ഇടത് മുന്നണി കണ്‍വീനര്‍ എ വിജയരാഘവനെതിരെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. ആശയപരമായ പോരാട്ടമാണ് ആലത്തൂരില്‍ നടക്കുന്നത്. അതിനിടെ വ്യക്തിഹത്യ നടത്തുന്നത് എന്തിനാണെന്നാണ് രമ്യ ഹരിദാസ് ചോദിക്കുന്നത്. പട്ടികജാതി വിഭാഗത്തില്‍ പെട്ട വനിതാ സ്ഥാനാര്‍ത്ഥിയാണ് താനെന്നും സ്ത്രീ സുരക്ഷയെ കുറിച്ച് വാതോരാതെ സംസാരിക്കന്ന ഇടത് മുന്നണി പ്രതിനിധിയില്‍ നിന്ന് ഇത്തരമൊരു പരാമര്‍ശം പ്രതീക്ഷിച്ചില്ലെന്നും രമ്യ ഹരിദാസ് പറയുന്നു.

വീട്ടില്‍ അച്ഛനും അമ്മയും ഉണ്ട് , അവരിതെല്ലാം കേള്‍ക്കുന്നുണ്ടെന്നും രമ്യ ഹരിദാസ് ഓര്‍മ്മിപ്പിക്കുന്നു. അശ്ലീല പരാമര്‍ശം നടത്തിയ ഇടത് മുന്നണി കണ്‍വീനര്‍ എ വിജയരാഘവനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും രമ്യ ഹരിദാസ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി. പ്രചാരണവുമായി മുന്നോട്ട് പോകുകയാണ്. അതിനിടയില്‍ എന്തിനാണ് ഇങ്ങനെ ഒരു പരമാര്‍ശമെന്നും രമ്യ ചോദിക്കുന്നു.

സ്ത്രീ സുരക്ഷയെ കുറിച്ചാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ പറയുന്നത്. വനിതാ ശാക്തീകരണത്തിന് വേണ്ടി വനിതാ മതില്‍ നടത്തിയ പ്രസ്ഥാനമാണ്. രമ്യ എങ്ങനെ ഉള്ള ആളാണെന്ന് നാട്ടിലെ ഇടത് പക്ഷ പ്രവര്‍ത്തകരോട് തന്നെ എ വിജയരാഘവനോട് ചോദിക്കാമായിരുന്നു. ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധി കൂടിയാണ് താനെന്നും ആലത്തൂരിലെ ജനങ്ങള്‍ക്ക് തന്നെ അറിയാമെന്നും രമ്യ ഹരിദാസ് പറഞ്ഞു .

യുഡിഎഫ് നേതാക്കളോട് ഫോണില്‍ സംസാരിച്ചു. എ വിജയരാഘവനെതിരെ നിയമപരമായി പോരാടാന്‍ തന്നെയാണ് തീരുമാനം. പട്ടിക ജാതി വിഭാഗത്തില്‍ നിന്ന് ഇനിയും സ്ത്രീകള്‍ മുന്നോട്ട് വരാനുണ്ട്. അവര്‍ക്കാര്‍ക്കും ഇത്തരമൊരു അനുഭവം ഉണ്ടാകരുതെന്നും രമ്യ ഹരിദാസ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular