ചാഴിക്കാടന്‍ പ്രചരണത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക്; ഇരട്ടി ആവേശത്തില്‍ അണികള്‍

കോട്ടയം: യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍ പ്രചാരണത്തിന്റെ ആദ്യ ഘട്ടം പിന്നിട്ടതോടെ അണികള്‍ ഇരട്ടി ആവേശത്തിലാണ്. ഇന്ന് രാവിലെ നാമനിര്‍ദേശ പത്രിക കൂടി സമര്‍പ്പിക്കുന്നതോടെ തിരഞ്ഞെടുപ്പിന്റെ ആവേശം പൂര്‍വാധികം വര്‍ധിക്കുമെന്ന് ഉറപ്പ്. ഇന്നലെ രാവിലെ കടുത്തുരുത്തി നിയോജക മണ്ഡലത്തിലായിരുന്നു സ്ഥാനാര്‍ത്ഥിയുടെ പര്യടനം. കേരള കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും മുന്‍നിര നേതാക്കള്‍ക്കൊപ്പം കടുത്തുരുത്തിയില്‍ എത്തിയ സ്ഥാനാര്‍ത്ഥിയെ പുഷ്പവൃഷ്ടിയോടെയാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം സ്വീകരിച്ചത്.

ഓരോരുത്തരുടെയും അടുത്തെത്തി കുശലം പറഞ്ഞും, ചിരിച്ചും കൈ കൊടുത്തും അവരില്‍ ഒരാളായി തോമസ് ചാഴികാടന്‍ മാറി. ഓരോ വോട്ടര്‍മാരും തോമസ് ചാഴികാടനെ നെഞ്ചേറ്റിയ കാഴ്ചയാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും കാണാന്‍ കഴിഞ്ഞത്.

ഓരോ വേദിയിലും നൂറുകണക്കിന് സ്ത്രീകളാണ് സ്ഥാനാര്‍ത്ഥിയെ പിന്‍തുണയും മുദ്രാവാക്യം വിളികളുമായി നിറഞ്ഞ് നിന്നത്. കടുത്തുരുത്തിയിലെ പര്യടനം പൂര്‍ത്തിയാക്കിയ സ്ഥാനാര്‍ത്ഥി കോട്ടയം പ്രസ്‌ക്ലബിന്റെ പ്രത്യേക തിരഞ്ഞെടുപ്പ് മുഖാമുഖം പരിപാടിയായ ബാറ്റില്‍ 2019 ലാണ് പങ്കെടുത്തത്. പ്രസന്ന വദനനായി, പരിചിത മുഖങ്ങള്‍ക്ക് കൈ കൊടുത്ത് പരിചയം പുതുക്കിയാണ് സ്ഥാനാര്‍ത്ഥി പ്രസ്‌ക്ലബിലെത്തിയത്. മാധ്യമപ്രവര്‍ത്തകരുടെ മൂര്‍ച്ചയേറിയ ചോദ്യങ്ങള്‍ക്ക് സ്വതസിദ്ധമായ പുഞ്ചിരിയില്‍ മറുപടി നല്‍കിയ സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍ ഒരു തവണ പോലും പതറിയില്ല.

ഇവിടെ നിന്ന് സ്ഥാനാര്‍ത്ഥി നേരെ എത്തിയത് ബസേലിയസ് കോളേജിലാണ്. കെ.എസ്്.യു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വന്‍ മുദ്രാവാക്യം വിളിയാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്. മാലയും ബൊക്കെയും നല്‍കി കെഎസ് യു പ്രവര്‍ത്തകര്‍ വന്‍ സ്വീകരണം തന്നെ സ്ഥാനാര്‍ത്ഥിക്ക് ഒരുക്കി നല്‍കിയിരുന്നു. തുടര്‍ന്ന് കടുത്തുരുത്തി മണ്ഡലത്തിലെ വിവിധ പരിപാടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇന്നലത്തെ പ്രചാരണം സമാപിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular