ബിജെപിയെ പിന്തുണയ്ക്കാന്‍ എന്‍എസ്എസ് നിര്‍ദേശിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍; എന്‍.എസ്.എസ് എല്ലാക്കാലത്തും എല്‍ഡിഎഫിനെതിരെന്ന് കാനം

പെരുന്ന: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള മണ്ഡലങ്ങളായ പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബിജെപിക്ക് പിന്തുണ നല്‍കാന്‍ എന്‍എസ്എസ് ആസ്ഥാനത്ത് നിന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മാവേലിക്കര എന്‍എസ്എസ് താലൂക്ക് യൂണിയന്‍ മുന്‍ പ്രസിഡന്റ് അഡ്വ. ടി കെ പ്രസാദ്. മാവേലിക്കര മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ചിറ്റയം ഗോപകുമാറിന് സ്വീകരണം നല്‍കിയതിന്റെ പേരില്‍ പിരിച്ചുവിടപ്പെട്ട പ്രസിഡന്റാണ് ടി കെ പ്രസാദ്. ഇടത് അനുഭാവമുള്ളതിന്റെ പേരിലാണ് പ്രസാദിനെ പിരിച്ചുവിട്ടതെന്നാണ് സൂചന.

എന്‍എസ്എസ് താലൂക്ക് യൂണിയന്‍ ഓഫീസിനെത്തിയ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിനെ സ്വീകരണമൊരുക്കിയതാണ് എന്‍എസ്എസ് നേതൃത്വത്തെ പ്രകോപിപ്പിച്ചത്. ചങ്ങനാശ്ശേരി എന്‍എസ്എസ് ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി പ്രസിഡന്റിന്റേയും കമ്മിറ്റി അംഗങ്ങളുടേയും രാജി എഴുതി വാങ്ങുകയായിരുന്നു.

തെരഞ്ഞെടുപ്പില്‍ സമദൂര നിലപാടാണെന്ന എന്‍എസ്എസ് വാദം പൊള്ളയാണെന്ന് രാജിവെച്ച യൂണിയന്‍ മുന്‍ പ്രഡിഡന്റ് ആരോപിച്ചു. ഇടത് മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരായ നിലപാട് സ്വീകരിക്കണമെന്നാണ് ചങ്ങനാശ്ശേരിയില്‍ നിന്നുള്ള നിര്‍ദ്ദേശമെന്നും അഡ്വക്കേറ്റ് ടി കെ പ്രസാദ് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലും സമദൂരമെന്നായിരുന്നു എന്‍എസ്എസിന്റെ പരസ്യ നിലപാട്. എന്നാല്‍ രഹസ്യമായി ഒരോ മണ്ഡലത്തിലും എന്‍എസ്എസ് സ്ഥാനാര്‍ത്ഥികളെ പിന്തുണക്കുന്നുണ്ടെന്നും അഡ്വക്കേറ്റ് ടി കെ പ്രസാദ്. പിരിച്ചു വിട്ട ഭരണ സമിതിക്ക് പകരം തെരഞ്ഞെടുപ്പ് കഴിയും വരെ മാവേലിക്കരയില്‍ അഞ്ചംഗ അഡ്‌ഹോക് കമ്മിറ്റിയെ എന്‍എസ്എസ് നേതൃത്വം നിയമിച്ചിട്ടുണ്ട്.

അതേസമയം എന്‍.എസ്.എസ് എല്ലാക്കാലത്തും ഇടത് മുന്നണിക്ക് എതിരായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കേരളകോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ളയുടെ കൊട്ടാരക്കരയിലെ വസതിയിലെത്തി പിള്ളയും മകന്‍ കെ.ബി.ഗണേശ് കുമാറുമായും നടത്തിയ ചര്‍ച്ചയ്ക്കു ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കാനം. സംഘടനയ്ക്ക് തീരുമാനങ്ങളെടുക്കാന്‍ അവകാശമുണ്ട്.

സംഘടനയ്ക്ക് തീരുമാനങ്ങളെടുക്കാന്‍ അവകാശമുണ്ട്. വോട്ടുചെയ്യേണ്ടത് ജനങ്ങളാണ്. സമുദായ മുതലാളിമാരുടെ വിളംബരങ്ങള്‍ക്കനുസരിച്ചല്ല സാധാരണക്കാരന്‍ ചിന്തിക്കുന്നത്. ജാതി സമവാക്യങ്ങള്‍ക്ക് അതീതമായി ചിന്തിക്കുന്നവരാണ് പുതിയ സമൂഹമെന്നും കാനം പറഞ്ഞു. മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ വിലയിരുത്താനെത്തിയ കാനം വൈകിട്ട് മൂന്ന് മണിയോടെയാണ് പിള്ളയുടെ വസതിയിലെത്തിയത്.

Similar Articles

Comments

Advertismentspot_img

Most Popular