വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുന്നതിനെ കുറിച്ച് രാഹുല്‍ ഇന്ന് പറഞ്ഞത്…

ന്യൂഡല്‍ഹി: വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് രാവിലെ 11 മണിക്ക് നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയെക്കുറിച്ച് മാത്രമാണ് ചര്‍ച്ചയായതെന്നാണ് സൂചന. ഉച്ചയ്ക്ക് ശേഷമാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നത്. ഈ യോഗത്തില്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് ചര്‍ച്ചയുണ്ടാകുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ല.

കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനഘടകങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതിനാല്‍ എന്താണ് തീരുമാനമെന്ന് മുതിര്‍ന്ന നേതാക്കള്‍ രാഹുലിനോട് നേരിട്ട് തിരക്കിയത്. എന്നാല്‍ ‘അക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല’ എന്ന ഒറ്റ വരി മറുപടി മാത്രമാണ് രാഹുല്‍ മറുപടി നല്‍കിയത്.

പ്രവര്‍ത്തകസമിതിയ്ക്ക് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വയനാട് സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ ഒന്നും പ്രതികരിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറായിരുന്നില്ല. അമേഠിക്ക് പുറമെ മറ്റേതെങ്കിലും മണ്ഡലത്തില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് മത്സരിക്കുമെന്നോ ഇല്ലെന്നോ ഉത്തരം നല്‍കാന്‍ പോലും രാഹുല്‍ ഗാന്ധി തയ്യാറായില്ല.

പ്രകടന പത്രികയിലെ വിശദാംശങ്ങള്‍ പറയാന്‍ വേണ്ടി മാത്രമാണ് വാര്‍ത്താ സമ്മേളനമെന്നും ബാക്കി കാര്യങ്ങള്‍ പിന്നെ പറയാമെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം. മത്സരിക്കണോ എന്ന കാര്യം രാഹുല്‍ ഗാന്ധി തന്നെ അന്തിമമായി തീരുമാനിക്കുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular