കൊടുംചൂടില്‍ ഇതുവരെ 118 പേര്‍ക്ക് പൊള്ളലേറ്റു; സൂര്യാതപ ജാഗ്രതാ മുന്നറിയിപ്പ് നാലുദിവസം കൂടി

കൊച്ചി: സംസ്ഥാനത്ത് സൂര്യാതപ ജാഗ്രതാ മുന്നറിയിപ്പ് സര്‍ക്കാര്‍ നാലുദിവസം കൂടി നീട്ടി. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ താപനില ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ, സംസ്ഥാനത്ത് അനുഭവപ്പെടുന്ന കൊടുംചൂടില്‍ ഇതുവരെ 118 പേര്‍ക്ക് പൊള്ളലേറ്റു. ഇതില്‍ 55 പേര്‍ക്കു കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് പൊള്ളലേറ്റത്.

കേരളത്തില്‍ രേഖപ്പെടുത്തുന്ന കൂടിയ ചൂട് ഇപ്പോഴും 40 ഡിഗ്രിക്കു താഴെയാണ്. എന്നാല്‍, അനുഭവപ്പെടുന്ന ചൂടിന്റെ തീവ്രതയായ താപസൂചിക 50 ഡിഗ്രിക്കു മുകളിലാണ്. കാലാവസ്ഥാ വകുപ്പില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം പാലക്കാട് ഉള്‍പ്പെടെ വടക്കന്‍ മേഖലയിലാണ് തീവ്രത 50നു മുകളിലെത്തിയത്. തെക്കന്‍ കേരളത്തില്‍ തീവ്രത 45നു മുകളിലാണ്. വായുപ്രവാഹത്തിലെ ചൂടും അന്തരീക്ഷത്തിലെ ആര്‍ദ്രത ഉയര്‍ന്നതുമാണു തീവ്രത വര്‍ധിക്കാന്‍ ഇടയാക്കിയത്. 45നു മുകളില്‍ താപസൂചിക ഉയര്‍ന്നാല്‍ അപകടകരമാണെന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ താപനില 3 ഡിഗ്രി മുതല്‍ 4 ഡിഗ്രി വരെ വര്‍ധിക്കുമെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കി. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ചൂട് 3 ഡിഗ്രി വരെ കൂടാന്‍ സാധ്യതയുണ്ട്. 11 മണി മുതല്‍ മൂന്നു വരെ നേരിട്ടു വെയില്‍ കൊള്ളുന്നത് ഒഴിവാക്കണമെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വീണ്ടും ശക്തമായ മുന്നറിയിപ്പു നല്‍കി.

മാര്‍ച്ചില്‍ ചൂട് പൊടുന്നനെ കൂടാറുണ്ടെങ്കിലും ഇത്രയേറെ ഉയരുന്നതും നീണ്ടുനില്‍ക്കുന്നതും അപൂര്‍വമാണ്. ദക്ഷിണാര്‍ധ ഗോളത്തില്‍നിന്നു സൂര്യന്‍ ഉത്തരാര്‍ധ ഗോളത്തിലേക്കു മാറുന്നതിനിടെ ഭൂമധ്യരേഖയ്ക്കു നേരെ മുകളിലാണിപ്പോള്‍. അതായതു കേരളത്തിനു നേരെ മുകളില്‍. ഇതോടൊപ്പം മേഘങ്ങളുടെ കുറവു കൂടിയാകുമ്പോള്‍ സൂര്യപ്രകാശം നേരിട്ടു ഭൂമിയിലേക്കു പതിക്കും. ഇതു ചൂടു കൂടാന്‍ ഇടയാക്കുന്നു. ബംഗാള്‍ ഉള്‍ക്കടലിനു സമീപം നിലനില്‍ക്കുന്ന എതിര്‍ ചുഴലിക്കാറ്റ് (ആന്റി സൈക്ലോണ്‍) മൂലം കേരളത്തിലെത്തുന്ന വായുപ്രവാഹത്തിന്റെ ചൂടു കൂടിയിട്ടുണ്ട്. എല്‍നിനോയുടെ സ്വാധീനവും ചൂട് വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ആദ്യം ചൂട് കൂടിയിരുന്നെങ്കിലും അറബിക്കടലിലെ ന്യൂനമര്‍ദത്തെത്തുടര്‍ന്നു ശക്തമായ വേനല്‍മഴ ലഭിച്ചതോടെ അതു നീണ്ടുനിന്നില്ല.

ശ്രദ്ധിക്കുക

11 മണി മുതല്‍ 3 മണിവരെ നേരിട്ടു വെയിലേല്‍ക്കരുത്.
നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കുക
ചൂടുള്ള പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
കുട്ടികള്‍, രോഗികള്‍, ഗര്‍ഭിണികള്‍, വയോധികര്‍ എന്നിവരുടെ കാര്യത്തില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തുക.
ഉച്ചസമയത്ത് ജോലി ചെയ്യിക്കരുതെന്ന ലേബര്‍ കമ്മിഷണറുടെ ഉത്തരവ് പാലിക്കുക

Similar Articles

Comments

Advertismentspot_img

Most Popular