റസല്‍ വെടിക്കെട്ടില്‍ കൊല്‍ക്കത്തയ്ക്ക് തകര്‍പ്പന്‍ ജയം

കൊല്‍ക്കത്ത: ഐപിഎല്ലില്‍ റസല്‍ വെടിക്കെട്ടില്‍ സണ്‍റൈസേഴ്സിനെതിരെ കൊല്‍ക്കത്തയ്ക്ക് തകര്‍പ്പന്‍ ജയം. സ്വന്തം മൈതാനത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 182 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ നാല് വിക്കറ്റിന് മറികടന്നു. റസല്‍ 19 പന്തില്‍ 49 റണ്‍സും ശുഭ്മാന്‍ ഗില്‍ 10 പന്തില്‍ 18 റണ്‍സുമായി പുറത്താകാതെ നിന്നു. നിതീഷ് റാണയുടെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറിയും(68) നിര്‍ണായകമായി.
മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്തയ്ക്ക് ക്രിസ് ലിന്നിനെ തുടക്കത്തിലെ നഷ്ടമായി. രണ്ടാം ഓവറിലെ അവസാന പന്തില്‍ ഷാക്കിബ്, ലിന്നിനെ(7) റാഷിദിന്റെ കൈകളിലെത്തിച്ചു. എന്നാല്‍ നിതീഷ് റാണയും റോബിന്‍ ഉത്തപ്പയും കൊല്‍ക്കത്തയെ മുന്നോട്ട് നയിച്ചു. 10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ കൊല്‍ക്കത്ത ഒരു വിക്കറ്റിന് 70 റണ്‍സ്. 12-ാം ഓവറില്‍ ഉത്തപ്പയെ(35) ബൗള്‍ഡാക്കി കൗള്‍ തിരിച്ചടിച്ചു.
തൊട്ടടുത്ത ഓവറില്‍ ദിനേശ് കാര്‍ത്തിക്കിനെ(2) സന്ദീപ് ശര്‍മ്മ പറഞ്ഞയച്ചു. എന്നാല്‍ റാണ ഇതേ ഓവറില്‍ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കി. പക്ഷേ, റാണയെ(47 പന്തില്‍ 68) 16ാം ഓവറില്‍ റഷീദ് ഖാന്‍ എല്‍ബിയില്‍ കുടുക്കി. അവസാന മൂന്ന് ഓവറില്‍ കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ 50 റണ്‍സിന് മുകളില്‍ വേണമായിരുന്നു. എന്നാല്‍ റസല്‍- ഗില്‍ വെടിക്കെട്ട് ഈ കൂറ്റന്‍ ലക്ഷ്യം മറികടന്നു. 18-ാം ഓവറില്‍ റാണയെ 19 റണ്‍സ്. തൊട്ടടുത്ത ഭുവിയുടെ ഓവറില്‍ 21 റണ്‍സ്. ഷാക്കിബിന്റെ അവസാന ഓവറില്‍ രണ്ട് സിക്സ് പറത്തി ഗില്‍ കൊല്‍ക്കത്തയെ വിജയിപ്പിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് വാര്‍ണറുടെ അര്‍ദ്ധ സെഞ്ചുറിയില്‍(53 പന്തില്‍ 85) നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 181 റണ്‍സെടുത്തു. ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്റ്റോയും മികച്ച തുടക്കം നല്‍കി. ഓപ്പണിംഗ് സഖ്യം പൊളിക്കാന്‍ കൊല്‍ക്കത്തയ്ക്ക് 13-ാം ഓവര്‍ വരെ കാത്തിരിക്കേണ്ടിവന്നു. 35 പന്തില്‍ 39 റണ്‍സെടുത്ത ബെയര്‍‌സ്റ്റോയെ ചൗള ബൗള്‍ഡാക്കി.

അടി തുടര്‍ന്ന വാര്‍ണര്‍ക്കൊപ്പം മൂന്നാമനായി വിജയ് ശങ്കറെത്തി. എന്നാല്‍ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന വാര്‍ണറെ 85ല്‍ നില്‍ക്കേ റസല്‍, ഉത്തപ്പയുടെ കൈകളിലെത്തിച്ചു. 18ാം ഓവറില്‍ യൂസഫ് പഠാനെയും(1) റസല്‍ മടക്കി. അവസാന ഓവറുകളില്‍ മനീഷ് പാണ്ഡെയും(5 പന്തില്‍ 8) വിജയ് ശങ്കറും(23 പന്തില്‍ 38) സണ്‍റൈസേഴ്സിനെ മികച്ച സ്‌കോറിലെത്തിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular