ശബരിമല മുഖ്യപ്രചാരണവിഷയം ആക്കണമെന്ന് ആര്‍എസ്എസ്

കൊച്ചി: തെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യപ്രചാരണവിഷയം ആക്കണമെന്ന് ആര്‍എസ്എസ്. കൊച്ചിയില്‍ നടന്ന ആര്‍എസ്എസ് സമന്വയ ബൈഠക്കിന്റേതാണ് തീരുമാനം. എതിര്‍പ്പുകള്‍ക്കിടയിലും ആര്‍എസ്എസ് സമന്വയ ബൈഠക്കില്‍ പങ്കെടുക്കാന്‍ ശ്രീധരന്‍പിള്ള എത്തിയിരുന്നു.

പത്തനംതിട്ടക്ക് വേണ്ടി അവസാന നിമിഷം വരെ ശ്രമിച്ച് തഴയപ്പെട്ടതിലുള്ള അതൃപ്തി ശ്രീധരന്‍പിള്ള ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. വലിയ തര്‍ക്കം നടന്നെങ്കിലും ഇനി പട്ടികയില്‍ മാറ്റമുണ്ടാകാനിടയില്ലെന്നാണ് റിപ്പോര്‍ട്ട്. ആര്‍എസ്എസ്സാണ് അവസാന നിമിഷം പിള്ളയുടെ പേര് വെട്ടിയത്. പട്ടികയില്‍ പിള്ളക്ക് മാത്രമല്ല കൃഷ്ണദാസ് പക്ഷത്തിനും അതൃപ്തിയുണ്ട്. പത്തനംതിട്ട ഇല്ലെന്ന ഉറപ്പിച്ച എംടി രമേശ് നേരത്തെ പിന്മാറി. പ്രതീക്ഷിച്ച പാലക്കാട് ശോഭാ സുരേന്ദ്രന് കിട്ടിയില്ല.

ആറ്റിങ്ങല്‍ ഉറപ്പിച്ചിരുന്ന പികെ കൃഷ്ണദാസ് സ്വന്തം ഗ്രൂപ്പിലെ ശോഭയെ അനുനയിപ്പിക്കാന്‍ സീറ്റ് വിട്ടുകൊടുത്ത് മത്സരരംഗത്തു നിന്നും മാറി. തിരുവനന്തപുരത്ത് സ്വതന്ത്രനായി ഇറങ്ങുമെന്ന ഭീഷണി ഉയര്‍ത്തിയ മുതിര്‍ന്ന നേതാവ് പിപി മുകുന്ദന്‍ കുമ്മനത്തിന് പിന്തുണ പ്രഖ്യാപിച്ച് പിന്മാറുകയായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ അംഗീകാരം ആയെങ്കിലും പട്ടിക ഇന്നും പുറത്തിറങ്ങില്ലെന്നാണ് സൂചന. ഇന്നലെ പട്ടിക ഇറങ്ങുമെന്നായിരുന്നു പ്രതീക്ഷ.

Similar Articles

Comments

Advertismentspot_img

Most Popular