പത്തനംതിട്ട കീറാമുട്ടി; സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നതില്‍ ആര്‍എസ്എസിന് അതൃപ്തി

തിരുവനന്തപുരം: സീറ്റ് നിര്‍ണയം സംബന്ധിച്ച തര്‍ക്കം ഇതുവരെയും തീര്‍ക്കാനാവാതെ ബിജെപി നേതൃത്വം. തിരുവനന്തപുരത്ത് കുമ്മനം എന്നതൊഴികെ പട്ടികയില്‍ മറ്റൊരു പേര് പോലും പറയാന്‍ ഇതുവരെ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. പത്തനംതിട്ട, തൃശ്ശൂര്‍ സീറ്റുകളെച്ചൊല്ലിയുള്ള തര്‍ക്കം ഇനിയും അവസാനിച്ചിട്ടില്ല. താത്പര്യമുള്ള സീറ്റുകള്‍ കിട്ടിയില്ലെങ്കില്‍ മത്സരിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പി എസ് ശ്രീധരന്‍ പിള്ളയും കെ സുരേന്ദ്രനുമടക്കമുള്ള നേതാക്കള്‍. തമ്മിലടി തീരാത്തതില്‍ ആര്‍എസ്എസ്സിന് കടുത്ത അതൃപ്തിയാണുള്ളത്. ശബരിമല പ്രശ്‌നമുള്‍പ്പടെ നിരവധി അനുകൂലഘടകങ്ങളുണ്ടായിട്ടും അത് വോട്ടാക്കി മാറ്റാന്‍ ഒരു ആസൂത്രണവും സംസ്ഥാനനേതൃത്വത്തിനില്ല എന്നതാണ് ആര്‍എസ്എസ്സിനെ ചൊടിപ്പിക്കുന്നത്.

പ്രധാനനേതാക്കളെത്തന്നെ സ്ഥാനാര്‍ത്ഥികളാക്കണമെന്നും പ്രചാരണം ഇപ്പോള്‍ത്തന്നെ തുടങ്ങണമെന്നുമാണ് ആര്‍എസ്എസ്സ് ആവശ്യപ്പെടുന്നത്. കെ സുരേന്ദ്രനെയും ശോഭാ സുരേന്ദ്രനെയും മത്സരിപ്പിക്കണമെന്നും ആര്‍എസ്എസ്സ് ആവശ്യപ്പെടുന്നു. ആര്‍എസ്എസ്സുമായുള്ള കെ സുരേന്ദ്രന്റെ ഭിന്നതയൊക്കെ തല്‍ക്കാലം പറഞ്ഞു തീര്‍ത്തെന്നാണ് സൂചന. ശബരിമല വിധി ചൂണ്ടിക്കാട്ടി വിശ്വാസികളുടെ വോട്ട് പരമാവധി സ്വന്തം പാളയത്തിലെത്തിക്കാന്‍ ശബരിമല സമരത്തിനിടെ ജയിലില്‍ കിടന്ന കെ സുരേന്ദ്രന്‍ വേണമെന്ന നിലപാടാണ് ആര്‍എസ്എസ്സിനും.

പത്തനംതിട്ടയിലാണ് എല്ലാവരുടെയും കണ്ണ്. ആദ്യം പത്തനംതിട്ടയ്ക്ക് അവകാശവാദമുന്നയിച്ചത് സംസ്ഥാനപ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയാണ്. എന്നാല്‍ നേരത്തേ കെ സുരേന്ദ്രന് പത്തനംതിട്ട വേണമെന്ന് നിര്‍ബന്ധമായിരുന്നു. കഴിഞ്ഞ തവണ പത്തനംതിട്ടയില്‍ മത്സരിച്ച് ഒരു ലക്ഷത്തിലധികം വോട്ട് നേടിയ എം ടി രമേശ് ആദ്യം മുതലേ പത്തനംതിട്ടയ്ക്ക് അവകാശവാദമുന്നയിച്ച് രംഗത്തുണ്ട്. ഇതെല്ലാം കഴിഞ്ഞപ്പോഴാണ് തന്റെ കര്‍മമണ്ഡലം പത്തനംതിട്ടയാണെന്ന് പറഞ്ഞ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത് വരുന്നത്. പത്തനംതിട്ട കിട്ടിയില്ലെങ്കില്‍ മത്സരിക്കാനേയില്ലെന്നാണ് കണ്ണന്താനത്തിന്റെ നിലപാട്. ഇതോടെ നാല് പേരാണ് പത്തനംതിട്ട മണ്ഡലത്തിന് വേണ്ടി മാത്രം തമ്മിലടിക്കുന്നത്.

പത്തനംതിട്ട കിട്ടിയില്ലെങ്കില്‍ തൃശ്ശൂര്‍ വേണമെന്നായിരുന്നു കെ സുരേന്ദ്രന്റെ ആവശ്യം. എന്നാല്‍ തൃശ്ശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ കളത്തിലിറക്കാനായിരുന്നു ബിജെപി കേന്ദ്രനേതൃത്വത്തിന് താത്പര്യം. ഇതിന് തുഷാര്‍ സമ്മതമറിയിച്ചതോടെ സുരേന്ദ്രന് തൃശ്ശൂര്‍ സീറ്റ് പോയി.

പത്തനംതിട്ടയ്ക്ക് പകരം സുരേന്ദ്രനെ ആറ്റിങ്ങലിലും അല്‍ഫോണ്‍സ് കണ്ണന്താനത്തെ കൊല്ലത്തും മത്സരിപ്പിക്കണമെന്നാണ് മറ്റൊരു സമവായ ഫോര്‍മുല. ഇതില്‍ സുരേന്ദ്രന് കടുത്ത അതൃപ്തിയുണ്ട്. കൊല്ലത്ത് മത്സരിക്കുന്നതിനേക്കാള്‍ ഭേദം മലപ്പുറത്ത് പോയി മത്സരിക്കുകയല്ലേ എന്നാണ് കണ്ണന്താനം ചോദിക്കുന്നത്. ഒരാളെപ്പോലും പരിചയമില്ലാത്ത കൊല്ലത്ത് പോയിട്ട് താനെന്ത് ചെയ്യാനാണ്? മത്സരിക്കുകയാണെങ്കില്‍ പത്തനം തിട്ട മാത്രം. അല്ലാത്തയിടത്ത് പരിഗണിക്കുകയേ വേണ്ട – കണ്ണന്താനം ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് ഇക്കാര്യം പറഞ്ഞ് കത്തെഴുതിയിട്ടുണ്ട്.

സാധ്യതാപട്ടിക ഇങ്ങനെ:

തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍

പത്തനംതിട്ട: പി എസ് ശ്രീധരന്‍ പിള്ള

എറണാകുളം: ടോം വടക്കന്‍

ആലപ്പുഴ: കെ എസ് രാധാകൃഷ്ണന്‍

ചാലക്കുടി: എ എന്‍ രാധാകൃഷ്ണന്‍

പാലക്കാട്: കൃഷ്ണകുമാര്‍

കോഴിക്കോട്: പ്രകാശ് ബാബു

മലപ്പുറം: ഉണ്ണികൃഷ്ണന്‍

പൊന്നാനി: വി ടി രമ

വടകര: സജീവന്‍

കാസര്‍കോട്: പ്രകാശ് ബാബു

Similar Articles

Comments

Advertismentspot_img

Most Popular