ശബരിമലയില്‍ ഇന്നലെ എത്തിയത് ആറ് യുവതികള്‍; വയസ് തിരുത്തയ വ്യാജ ഐഡി കാര്‍ഡുമായി ദര്‍ശനം നടത്താന്‍ ശ്രമം

ശബരിമല: തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് അടുക്കുമ്പോഴും ശബരിമലയില്‍ ആചാരലംഘനത്തിന് തീവ്രശ്രമം നടക്കുന്നതായി സൂചന. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതികള്‍ ടൂര്‍ പാക്കേജിന്റെ പേരും പറഞ്ഞാണ് ശബരിമലയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

ആന്ധ്രയില്‍ നിന്നും ശബരിമല ദര്‍ശനത്തിനായി സ്ത്രീകള്‍ തുടര്‍ച്ചയായി എത്തിക്കൊണ്ടിരിക്കുകയാണ്. ഇന്നലെയെത്തിയ ആറു യുവതികള്‍ അടങ്ങുന്ന സംഘത്തെ മരക്കൂട്ടത്തിന് അടുത്തുവെച്ച് തടഞ്ഞ ശേഷം തിരിച്ചയയ്ക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം ഉണ്ടായത്. ടൂര്‍ കമ്പനി നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡില്‍ എല്ലാവരുടെയും വയസ്സ് 50 ല്‍ കൂടുതലായാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ പ്രായത്തില്‍ സംശയം തോന്നിയ കര്‍മസമിതി പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ യുവതികള്‍ സത്യം വെളിപ്പെടുത്തുകയായിരുന്നു.

ഇതിനിടെ, ദര്‍ശനത്തിന് എത്തിയ സ്ത്രീയെ തടഞ്ഞതുമായി ബന്ധപ്പെട്ട് ശബരീപീഠത്തിലുണ്ടായ സംഘര്‍ഷത്തിനിടെ, ശബരിമല കര്‍മസമിതി പ്രവര്‍ത്തകനെ പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ചങ്ങനാശ്ശേരി മഞ്ചാടിക്കര സ്വദേശി ഗണേശിനാണ് (32) മര്‍ദനമേറ്റത്. ഇയാളെ പമ്പ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് കൊണ്ടുപോയി.

SHARE