കോട്ടയത്തെ എല്ലാ മണ്ഡലങ്ങളിലും ചാഴികാടനു വേണ്ടി പി.ജെ. ജോസഫ് പ്രചാരണത്തിനിറങ്ങും; ജോസഫുമായി ചാഴികാടന്‍ കൂടിക്കാഴ്ച നടത്തി

കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍ പി.ജെ ജോസഫിന്റെ വീട്ടിലെത്തി. ഇന്ന് രാവിലെയായിരുന്നു കൂടിക്കാഴ്ച. തോമസ് ചാഴികാടന് വിജയാശംസകള്‍ നേര്‍ന്ന പി ജെ ജോസഫ് താന്‍ പ്രചാരണരംഗത്ത് സജീവമായുണ്ടാകുമെന്ന ഉറപ്പും നല്‍കി. കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളെല്ലാം അവസാനിച്ചതാണ് ഇതിലൂടെ പ്രതിഫലിച്ചത്.

പ്രചാരണത്തില്‍ നിന്നു ഗ്രൂപ്പ് നോക്കി ആരെയും മാറ്റി നിര്‍ത്തരുതെന്നു തോമസ് ചാഴികാടനോട് പി.ജെ. ജോസഫ് നിര്‍ദേശിച്ചു. കോട്ടയത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രചാരണത്തിനിറങ്ങുമെന്നും ജോസഫ് അറിയിച്ചു. 20 ന് കോട്ടയം മണ്ഡലത്തിലെ കണ്‍വെഷനില്‍ പങ്കെടുക്കും. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന് വേണ്ടിയും പ്രചാരണത്തില്‍ സജീവമായിറങ്ങുമെന്ന് പിജെ ജോസഫ് പറഞ്ഞു.

കേരള കോണ്‍ഗ്രസില്‍ മഞ്ഞുരുകിയെന്നും, പി.ജെ. ജോസഫ് പൂര്‍ണ പിന്തുണ അറിയിച്ചതായും തോമസ് ചാഴികാടന്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ വിജയമുറപ്പാണ്. കോട്ടയം മണ്ഡലത്തിലെ സാഹചര്യം യുഡിഎഫിന് അനുകൂലമെന്നും സ്ഥാനാര്‍ഥി പറഞ്ഞു. പിജെ ജോസഫ് നിലപാടില്‍ അയവ് വരുത്തിയതോടെ കോട്ടയം ഇടുക്കി മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസമാണ് ലഭിക്കുന്നത്.

കോട്ടയം സീറ്റില്‍ മത്സരിക്കാനുള്ള പി ജെ ജോസഫിന്റെ ശ്രമം പാര്‍ട്ടി തള്ളിയതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക് നീങ്ങുന്നതായി നേരത്തെ സൂചനകളുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കി പി ജെ ജോസഫ് ഇന്നലെ രംഗത്തെത്തി. കേരള കോണ്‍ഗ്രസ് വിട്ട് ഒരു കാര്യത്തിനും തനിക്ക് താല്‍പ്പര്യമില്ലെന്നും എം പി ആകാന്‍ പാര്‍ട്ടിയെ വിട്ട് കളിക്കാന്‍ താന്‍ തയ്യാറല്ലെന്നുമാണ് പി ജെ ജോസഫ് ഇന്നലെ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് കോട്ടയത്തെ സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍ പിജെ ജോസഫിനെ വസതിയിലെത്തി സന്ദര്‍ശിച്ചത്.

SHARE