ഇപ്പോഴും അടുപ്പം കാത്തു സൂക്ഷിക്കുന്ന പ്രമുഖ താരങ്ങളെ കുറിച്ച് ശ്രീശാന്ത്…

കൊച്ചി: ഐപിഎല്‍ വാതുവയ്പ് കേസില്‍ ആശ്വാസ വിധി നേടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത്. സുപ്രീംകോടതി ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് വെള്ളിയാഴ്ച നീക്കിയിരുന്നു. കേസില്‍ പെട്ടെങ്കിലും താനുമായി ഇപ്പോഴും സൗഹൃദം കാത്തുസൂക്ഷിക്കുന്ന ക്രിക്കറ്റ് താരങ്ങളുണ്ടെന്ന് ശ്രീശാന്ത് പറയുന്നു. ഹര്‍ഭജന്‍ സിംഗ്, വീരേന്ദര്‍ സെവാഗ്, സുരേഷ് റെയ്‌ന, റോബിന്‍ ഉത്തപ്പ എന്നിവര്‍ ആത്മബന്ധം നിലനിര്‍ത്തുന്നു. ഇവര്‍ ഫോണില്‍ വിളിക്കാറും മെസേജുകള്‍ അയക്കാറുമുണ്ട്. ഉത്തപ്പ അടുത്ത സുഹൃത്താണെന്നും ശ്രീശാന്ത് വെളിപ്പെടുത്തിയതായി പിടിഐയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഐപിഎല്‍ 2013 എഡിഷനില്‍ വിവാദത്തിരി കൊളുത്തിയ വാതുവയ്പ് കേസില്‍ ആറ് വര്‍ഷത്തിന് ശേഷമാണ് ശ്രീശാന്തിനെ തേടി ആശ്വാസ വാര്‍ത്തയെത്തിയത്. മുപ്പത്തിയാറ് വയസായെങ്കിലും ക്രിക്കറ്റ് കളത്തില്‍ തിരിച്ചെത്താനാകുമെന്നാണ് മലയാളികളുടെ പ്രിയ താരത്തിന്റെ പ്രതീക്ഷ.

ടെന്നീസ് താരം ലിയാന്‍ഡര്‍ പേസിന് 42ാം വയസില്‍ ഗ്രാന്‍ഡ് സ്ലാം ജേതാവാകാമെങ്കില്‍ തനിക്ക് 36ാം വയസില്‍ ക്രിക്കറ്റ് കളിക്കാനാകുമെന്ന് എസ് ശ്രീശാന്ത് സുപ്രീംകോടി വിധിക്ക് ശേഷം വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചിരുന്നു. സ്‌കോട്ട്‌ലന്‍ഡില്‍ ക്ലബ് ക്രിക്കറ്റ് കളിക്കാന്‍ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും ശ്രീശാന്ത് വ്യക്തമാക്കി.

ഐപിഎല്‍ വാതുവയ്പ് വിവാദത്തിലാണ് ശ്രീശാന്തടക്കം മൂന്ന് താരങ്ങളെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ശ്രീശാന്തിനെയും മുംബൈ സിപിന്നര്‍ അങ്കിത് ചവാനെയും ഹരിയാനയുടെ അജിത് ചാന്ദിലയെയും ആജീവനാന്ത കാലത്തേക്ക് ബിസിസിഐ വിലക്കുകയായിരുന്നു. എന്നാല്‍ ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത് റദാക്കണമെന്നും തീരുമാനം ബിസിസിഐ പുനഃപരിശോധിക്കണമെന്നാണ് സുപ്രീം കോടതി ഇപ്പോള്‍ വിധിച്ചിരിക്കുന്നത്.

SHARE