പൊലീസ് സ്റ്റേഷനില്‍ കയറിയിറങ്ങി മടുത്തു: ദുരിതത്തെ കുറിച്ച് മോളി കണ്ണമാലിയുടെ വെളിപ്പെടുത്തല്‍

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമൊക്കെയായി എത്തി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് മോളി കണ്ണമാലി. മിനിസ്‌ക്രീനിലെ ചാളമേരി എന്ന കഥാപാത്രമാണ് അവരെ പ്രശസ്തമാക്കിയത്. എല്ലാവരെയും ചിരിപ്പിക്കുന്ന മോളിക്ക് ഇപ്പോള്‍ കിടപ്പാടം നഷ്ടപ്പെട്ട മകനെയോര്‍ത്ത് കണ്ണീരൊഴുക്കാനാണ് വിധി. മകനും ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബമാണ് ദുരിത കയത്തില്‍ കഴിയുന്നത്. പട്ടയത്തിനായും മകന്റെ ഭാര്യവീട്ടുകാര്‍ കൊടുത്ത കള്ളക്കേസുകള്‍ തീര്‍ക്കാനുമായി പോലീസ് സ്‌റ്റേഷനുകളില്‍ കയറി ഇറങ്ങുകയാണ് മോളി കണ്ണമാലിയും കുടുംബവും.

ചെല്ലാനം കണ്ടക്കടവിലെ മൂന്ന് സെന്റ് സ്ഥലത്ത് വീട് വയ്ക്കാന്‍ മകന്റെ അമ്മയുടെ സഹോദരി അനുവദിക്കുന്നില്ലെന്നാണ് മോളി പറയുന്നു. മോളിയുടെ മകന്‍ ജോളിയുടെ ഭാര്യയുടെ അമ്മൂമ്മയാണ് സ്ഥലം കൊടുത്തത്. പട്ടയമായിട്ടാണ് എഴുതിയത്. മുദ്രപേപ്പറില്‍ ഇത് വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍ മുദ്രപേപ്പറും മറ്റും മകന്റെ ഭാര്യയുടെ അമ്മയുടെ സഹോദരിയുടെ പക്കലാണ്. ഇത് കൊടുക്കാന്‍ അവര്‍ സമ്മതിക്കുന്നില്ലെന്ന് മോളി പറയുന്നു. ഇവിടെ വീട് വയ്ക്കാന്‍ മകന്‍ ചെന്നപ്പോള്‍ അവര്‍ എതിര്‍ത്തുവെന്നും മോളി പറയുന്നു.

ഒരു ഷെഡ്ഡിലാണ് മകനും കുടുംബവും ഇത്രയും നാള്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ വെള്ളം കയറിയപ്പോള്‍ എല്ലാം നശിച്ചു. താമസിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇപ്പോള്‍ മകന്റെ വീട്. തന്റെ കൈയ്യിലുള്ളതും കൂടി കൂട്ടി ഒരു വീട് വെയ്ക്കാമെന്നായിരുന്നു കരുതിയത്. പക്ഷേ മരുമകളുടെ ബന്ധുക്കള്‍ സമ്മതിക്കുന്നില്ല. മകനെതിരെ പോലീസ് സ്‌റ്റേഷനില്‍ അവര്‍ കള്ളപ്പരാതിയും നല്‍കി. ഞാനും മോനും കഞ്ചാവാണെന്നും മദ്യപാനിയാണെന്നുമൊക്കെ അവര്‍ പരാതി നല്‍കി. പോലീസ് സ്‌റ്റേഷനില്‍ കയറി ഇറങ്ങി മടുത്തു. അര്‍ഹതയില്ലാത്ത ഒരു സ്വത്തും ഞങ്ങള്‍ക്ക് വേണ്ട, ഇതുപക്ഷെ അവകാശപ്പെട്ടതാണ് ചോദിക്കുന്നത്.

ഇതുവരെയും ഒരാളുടെ അടുത്തും കൈനീട്ടാതെയാണ് മക്കളെ വളര്‍ത്തിയത്. എനിക്ക് ഈ അടുത്ത് ഹൃദയാഘാതംവന്ന് ആശുപത്രിയിലായിരുന്നു. അതെല്ലാം ഭേദമായി ആശുപത്രിയില്‍ നിന്ന് വിട്ടതിന് പിന്നാലെയാണ് ഈ പ്രശ്‌നം. ആശുപത്രിയിലും നല്ലൊരു തുക ചിലവായി. എന്നാലും കുഞ്ഞിന്റെ കാര്യത്തിന് വേണ്ടിയല്ലേ എന്നുകരുതിയാണ് കിട്ടുന്ന ജോലിയ്‌ക്കൊക്കെ പോയി പണമുണ്ടാക്കുന്നത്. ഞങ്ങള്‍ക്ക് നീതി കിട്ടിയാല്‍ മതി, അതില്‍ക്കൂടുതല്‍ ഒന്നും വേണ്ടെന്നും മോളി കണ്ണമാലി ഒരു മാധ്യമത്തോട് പ്രതികരിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular