ധോണിയെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണോ..? ഷെയ്ന്‍ വോണ്‍ പറയുന്നത് ഇതാണ്…

ധോണി ലോകകപ്പ് ടീമില്‍ വേണോ വേണ്ടയോ എന്ന കാര്യത്തില്‍ പലതരം അഭിപ്രായങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. ഇപ്പോള്‍ എംഎസ് ധോണിയുടെ ഫോമിനെക്കുറിച്ച് വിമര്‍ശിക്കുന്നവര്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് ഓസ്ട്രേലിയന്‍ ഇതിഹാസ താരം ഷെയ്ന്‍ വോണ്‍. 2018 ല്‍ ധോണിയുടെ ഫോമില്ലായ്മയാണ് ലോകകപ്പില്‍ താരത്തിന് സ്ഥാനം നല്‍കേണ്ടതില്ലെന്ന വാദങ്ങള്‍ ഉയര്‍ത്തുന്നത്. അതേസമയം, 2019 ല്‍ വിമര്‍ശനങ്ങള്‍ക്കെല്ലാം ഓരോ എകദിനം കഴിയുന്തോറും ധോണി ബാറ്റിലൂടെ മറുപടി കൊടുക്കുകയാണ്. ഈ വര്‍ഷം താന്‍ കളിച്ച 9 ഏകദിനങ്ങളില്‍ നിന്നായി 327 റണ്‍സാണ് ധോണി നേടിയത്.

ധോണിയുടെ ഫോമിനെക്കുറിച്ച് ചോദ്യം ചെയ്യുന്നവര്‍ ഒരു ഐഡിയയും ഇല്ലാതെ സംസാരിക്കുകയാണെന്നാണ് ഷെയ്ന്‍ വോണ്‍ പറഞ്ഞിരിക്കുന്നത്. ‘എം.എസ്.ധോണി മികച്ച കളിക്കാരനാണ്. അദ്ദേഹത്തിന് ടീം ആവശ്യപ്പെടുന്നതിന് അനുസരിച്ച് ഏത് നമ്പരിലും ഇറങ്ങി കളിക്കാനാകും. ധോണിയെ വിമര്‍ശിക്കുന്നവര്‍ക്ക് അവര്‍ എന്താണ് പറയുന്നതെന്ന് അവര്‍ക്ക് തന്നെ അറിയില്ല. ലോകകപ്പില്‍ ഇന്ത്യയ്ക്ക് ധോണിയെ ആവശ്യമാണ്. ധോണിയുടെ അനുഭവ പരിചയം ആവശ്യമാണ്. ധോണിയുടെ ഫീല്‍ഡിലെ നേതൃത്വ കഴിവ് വിരാട് കോഹ്ലിയെ ഏറെ സഹായിക്കും,’ വോണ്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓസ്ട്രേലിയയ്ക്കെതിരായ അവസാന രണ്ടു ഏകദിനങ്ങളിലും എം.എസ്.ധോണിക്ക് ടീം മാനേജ്മെന്റ് വിശ്രമം അനുവദിച്ചിരുന്നു. ധോണിക്ക് പകരം റിഷഭ് പന്താണ് വിക്കറ്റ് കീപ്പറായി ടീമിലെത്തിയത്. പക്ഷേ ധോണിയുടെ അഭാവം നികത്താന്‍ പന്തിനായില്ല. പല തവണയാണ് പന്ത് വിക്കറ്റ് നേടാനുളള അവസരം കളഞ്ഞത്. ഒരു സമയത്ത് സ്റ്റംപിങ്ങില്‍ ധോണി സ്റ്റെല്‍ കാട്ടാന്‍ ശ്രമിച്ചെങ്കിലും പന്തിന് പാളി. ഇതോടെ ധോണിയെ ടീമിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ആരാധകരുടെ ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലെ അവസാന ഏകദിനം ഇന്ന് ഡല്‍ഹിയിലാണ്. 5 മത്സരങ്ങളുളള പരമ്പരയില്‍ ഇരു ടീമുകളും രണ്ടു മത്സരം വീതം ജയിച്ച് ഒപ്പത്തിനൊപ്പമാണ്. ഇന്നു ജയിക്കുന്നവര്‍ പരമ്പര നേടും. ലോകകപ്പിന് മുന്‍പായുളള ഇന്ത്യയുടെ അവസാന പരമ്പരയാണിത്. അതിനാല്‍ തന്നെ ജയം എന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ കളത്തിലിറങ്ങുക.

Similar Articles

Comments

Advertismentspot_img

Most Popular