ഉമ്മന്‍ ചാണ്ടി കോട്ടയത്ത് മത്സരിക്കണം; ഇടുക്കി സീറ്റ് വച്ചുമാറണം; പ്രശ്‌ന പരിഹാരത്തിന് മൂന്ന് നിര്‍ദേശങ്ങളുമായി പി.ജെ. ജോസഫ്

തിരുവനന്തപുരം: ലോക്സഭാ സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസിലുണ്ടായ പ്രശ്നങ്ങള്‍ പരഹരിക്കുന്നതിന് ബദല്‍ നിര്‍ദേശങ്ങളുമായി പി.ജെ. ജോസഫ് കോണ്‍ഗ്രസ് നേതാക്കളുടെ മുന്നില്‍. കോട്ടയം, ഇടുക്കി സീറ്റുകള്‍ വെച്ചുമാറണമെന്നതടക്കമുള്ള മൂന്ന് നിര്‍ദേശങ്ങളാണ് ഇന്ന് പി.ജെ. ജോസഫ് മുന്നോട്ട് വെച്ചത്.

കോട്ടയം സീറ്റ് കോണ്‍ഗ്രസിന് നല്‍കി ഇടുക്കി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കുക എന്നതാണ് ആദ്യ നിര്‍ദേശം. എന്നാല്‍ കോട്ടയത്ത് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാണി ഇതിന് വഴങ്ങില്ല. കോണ്‍ഗ്രസിന് ഇക്കാര്യം ആവശ്യപ്പെടാനും ബുദ്ധിമുട്ടുണ്ട്. എന്നാല്‍ ഉമ്മന്‍ ചാണ്ടി മത്സരിക്കുകയാണെങ്കില്‍ മാണി സീറ്റ് വിട്ട് തരുമെന്നാണ് ജോസഫ് പറയുന്നത്. അങ്ങനെ വരുമ്പോള്‍ ഇടുക്കിയില്‍ തനിക്കും മാണിക്കും ഒരു പോലെ സ്വീകാര്യനായ ആളെ മത്സരിപ്പിക്കാന്‍ സാധിക്കുമെന്നും ജോസഫ് വിശ്വസിക്കുന്നു.

കേരള കോണ്‍ഗ്രസില്‍ നിന്ന് തന്നെ അനുകൂലിക്കുന്നവര്‍ വിട്ട് പോകുകയാണെങ്കില്‍ അതിന് പിന്തുണ നല്‍കുക. തുടങ്ങിയ കാര്യങ്ങളാണ് ഇന്ന് ജോസഫ് ഉമ്മന്‍ ചാണ്ടിയേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും സന്ദര്‍ശിച്ചപ്പോള്‍ മുന്നോട്ട് വെച്ചത്. അതേ സമയം പിളര്‍ന്നാലും ഇല്ലെങ്കിലും യുഡിഎഫില്‍ നിന്ന് വിട്ട് പോകില്ലെന്ന് ജോസഫ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

കോട്ടയത്ത് മത്സരിക്കാന്‍ പി.ജെ.ജോസഫ് ആദ്യം തീരുമാനിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ പിന്തുണ ലഭിക്കില്ലെന്നറിഞ്ഞതോടെയാണ് അദ്ദേഹം മറ്റു നിര്‍ദേശങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്നത്. കോട്ടയത്ത് മാണി നിലവില്‍ പ്രഖ്യാപിച്ച തോമസ് ചാഴികാടന്റെ പ്രചാരണത്തിന് സജീവമായി ഇറങ്ങണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ജില്ലാ കമ്മിറ്റിക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. വൈകീട്ട് മറ്റു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളേയും ജോസഫ് കാണും. യുഡിഎഫ് നേതാക്കളുമായി കൂടിയാലോചിച്ച ശേഷം ഒരു തീരുമാനത്തിലെത്താമെന്നാണ് ഉമ്മന്‍ചാണ്ടി ഇപ്പോള്‍ ജോസഫിനെ അറിയിച്ചിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular