സ്‌പോണ്‍സര്‍ ചതിച്ചു; കുവൈറ്റില്‍ ദുരിതമനുഭവിച്ച യുവതിയായ ബ്യൂട്ടീഷന്‍ ഒടുവില്‍ നാട്ടിലെത്തി

തൃശൂര്‍: സ്‌പോണ്‍സര്‍ ചതിച്ചതിനെ തുടര്‍ന്ന് കുവൈറ്റില്‍ വീട്ടുതടങ്കലിലായ യുവതി നാട്ടിലെത്തി. മുവ്വാറ്റുപുഴ അണനെല്ലൂര്‍ പുത്തന്‍പുരക്കല്‍ വീട്ടില്‍ ഹണിമോള്‍ ജോര്‍ജ്ജ് ആണ് ചൊവ്വാഴ്ച നാട്ടിലെത്തിയത്. ഈരാറ്റുപേട്ടയിലെ ഏജന്‍സി സ്ഥാപനം മുഖേനയാണ് ഒക്ടോബര്‍ 28 ന് ഹണിമോള്‍ കുവൈറ്റില്‍ ബ്യൂട്ടീഷന്‍ ജോലിക്ക് ജോലിക്ക് പോയത്.

കുവൈറ്റിലെത്തിയ യുവതിയെ ബ്യൂട്ടിഷന്‍ ജോലിയാണെന്ന് പറഞ്ഞ് വീട്ടു ജോലിക്കായി സ്‌പോണ്‍സര്‍ കൈമാറുകയായിരുന്നു. മൂന്ന് നില കെട്ടിടം മുഴുവന്‍ കഴുകി വൃത്തിയാക്കല്‍ ഉള്‍പ്പടെയായിരുന്നു ഹണിയുടെ ജോലി. ഇവിടെ ഫോണ്‍ ചെയ്യാനോ ആരൊടെങ്കിലും സംസാരിക്കാനോ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. പലപ്പോഴും ഭക്ഷണം പോലും ലഭിച്ചിരുന്നില്ലെന്ന് യുവതി പറഞ്ഞു. ഇതിനിടയില്‍ ഫെബ്രുവരി 28ന് സമീപത്തെ മുറിയിലെ മറ്റൊരു സ്ത്രീയുടെ ഫോണില്‍ നിന്നും ബ്യൂട്ടീഷന്‍ അസോസിയേഷന്‍ സംഘടനാംഗങ്ങളുടെ ഗ്രൂപ്പിലേക്ക് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി സന്ദേശം അയച്ചു.

തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെയും എംമ്പസിയുടെയും പ്രവാസി ഫെഡറേഷന്റേയും ഇടപെടലോടെ തിങ്കളാഴ്ച ഹണിയെ കുവൈറ്റില്‍ നിന്നും രക്ഷപ്പെടുത്തി. ഇതിനിടയില്‍ മുവ്വാറ്റുപുഴയില്‍ ജോലി വാഗ്ദാനം നല്‍കി കൊണ്ടു പോയ ഏജന്‍സിക്കെതിരെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ചൊവ്വാഴ്ച നെടുമ്പാശേരിയില്‍ ബ്യൂട്ടീഷന്‍ കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ ഹണിയെ വരവേറ്റു. ഭക്ഷണവും വിശ്രമവുമില്ലാത്തതിനാല്‍ ക്ഷീണിച്ച് അവശയായിരുന്നു ഹണി. ഇവരെ പ്രാഥമിക ചികില്‍സക്ക് ശേഷം വീട്ടിലെത്തിച്ചു. കുവൈറ്റില്‍ പതിനാലോളം പേര്‍ ഇപ്പോഴും വീട്ടുതടങ്കലിലുണ്ടെന്ന് ഹണി പറഞ്ഞു.

SHARE