ശബരിമല സംഭവം ജനങ്ങളെ ബാധിച്ചതാണ്; തെരഞ്ഞെടുപ്പ് വിഷയമാക്കും; പ്രധാനമന്ത്രിയോട് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്നും കുമ്മനം

സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ കുമ്മനം രാജശേഖരന്‍. തെരഞ്ഞെടുപ്പില്‍ ശബരിമല തെരഞ്ഞെടുപ്പ് വിഷയമാകുന്നത് മതവിദ്വേഷം ഉണ്ടാക്കില്ല. തെരഞ്ഞെടുപ്പില്‍ ശബരിമല ചര്‍ച്ചയാകുമെന്ന് കുമ്മനം രാജശേഖരന്‍ ഡല്‍ഹിയില്‍ പറഞ്ഞു. ശബരിമല പ്രചാരണ വിഷയം ആക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പറയുന്നത് ശരിയല്ലെന്ന് കുമ്മനം വിമര്‍ശിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആണ് ഇക്കാര്യം വിശദമാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുമ്മനം.

നിലനില്പിന്റെ വിഷയമാണ് ശബരിമല. ഭരണഘടനയുടെ അന്തസത്തയെ ചോദ്യംചെയ്ത വിധിക്കെതിരെയുള്ള സമരമാണ് നടന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും മതപരമായ വിഷയങ്ങളല്ല. മനുഷ്യാവകാശ ധ്വംസനവും ഭരണ ഘടനാലംഘനവുമാണ് ശബരിമലയില്‍ നടന്നത്. അത് ജനങ്ങളും ജീവിതത്തെ ബാധിച്ച ഒരു വിഷയമാണ്. ഇത് തുറന്ന് കാണിക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ വിഷയമാണ്. തെരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്നവര്‍ ഈ കാര്യത്തില്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കേരളത്തിലെ സാഹചര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. എന്‍ഡിഎ അധ്യക്ഷന്‍ ആകണോ എന്നതിനെപ്പറ്റി കൂടിക്കാഴ്ചയില്‍ ചര്‍ച്ച ഉണ്ടായില്ല. തിരുവനന്തപുരത്ത് മത്സരിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ പാര്‍ട്ടി തീരുമാനം അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും കുമ്മനം വ്യക്തമാക്കി.

ശബരിമല പോലെ സുപ്രീംകോടതി വിധി ബാധകമായ വിഷയങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിഷയമാക്കുന്നത് ചട്ടലംഘനമാണ് എന്നായിരുന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. ശബരിമലയിലെ യുവതീപ്രവേശനം സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ളതാണ്. അതിനെതിരെ നടക്കുന്ന പ്രചരണം ഫലത്തില്‍ സുപ്രീംകോടതി വിധിക്കെതിരെയുള്ളതാവും എന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ ചൂണ്ടിക്കാട്ടുന്നു. ദൈവം, മതങ്ങള്‍, ജാതി എന്നിവയെ പ്രചരണവിഷയമാക്കുന്നതും തെരഞ്ഞെടുപ്പ് ചട്ടത്തിന് എതിരാണ്.

മതങ്ങളെയോ ദൈവങ്ങളെയോ ഉപയോഗിച്ച് പ്രചരണം നടത്തിയതായി കണ്ടെത്തിയാല്‍ അത്തരക്കാരെ അയോഗ്യരാക്കി പ്രഖ്യാപിക്കാന്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ നിര്‍ദ്ദേശം നല്‍കിയത്.

Similar Articles

Comments

Advertismentspot_img

Most Popular