കോട്ടയത്ത് തോമസ് ചാഴിക്കാടന്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; പ്രത്യേക യോഗം വിളിച്ച് ജോസഫ്

കോട്ടയം: കോട്ടയത്ത് തോമസ് ചാഴിക്കാടന്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവും. നാടകീയമായ രംഗങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. സ്ഥാനാര്‍ത്ഥിയാകണമെന്ന് പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ച മുതിര്‍ന്ന നേതാവ് പി.ജെ ജോസഫിനെ തള്ളിയാണ് ചാഴിക്കാടനെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയത്.

കേരള കോണ്‍ഗ്രസ് എമ്മിലെ മാണി വിഭാഗം നേതാക്കളില്‍ പ്രമുഖനാണ് തോമസ് ചാഴിക്കാടന്‍. ഏറെ നേരത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഒറ്റവരി വാര്‍ത്താക്കുറിപ്പിലൂടെയാണ് പാര്‍ട്ടി ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുള്ളത്. നേരത്തെ പി.ജെ ജോസഫിനെതിരെ കോട്ടയത്തെ പാര്‍ട്ടി നിയമസഭാ മണ്ഡലം കമ്മറ്റികള്‍ രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ത്ഥി ആരാണെന്ന് നാളെ പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി അറിയിച്ചു.

അതേസമയം സീറ്റ് കൈവിട്ടുവെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യത്തില്‍ ജോസഫ് വിഭാഗം പ്രത്യേക യോഗം ചേര്‍ന്നു. ജോസഫിന്റെ തൊടുപുഴയിലെ വസതിയിലായിരുന്നു യോഗം. മോന്‍സ് ജോസഫ് എം.എല്‍.എയും ഇടുക്കിയില്‍ നിന്നുള്ള ജോസഫ് വിഭാഗം നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.

നീതി യുക്തമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പി.ജെ ജോസഫ് പറഞ്ഞു. ശുഭാപ്തി വിശ്വാസമുണ്ടെന്നും തീരുമാനം പാര്‍ട്ടി ചെയര്‍മാന്‍ പ്രഖ്യാപിക്കുമെന്നും പി.ജെ ജോസഫ് പറഞ്ഞു. മാണിയില്‍ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും പി.ജെ ജോസഫ് പറഞ്ഞു.

മണ്ഡലം കമ്മറ്റികളെ രംഗത്തിറക്കിയാണ് മാണി വിഭാഗം ജോസഫിനെ വെട്ടിയത്. ജോസഫിനെ സ്ഥാനാര്‍ത്ഥി ആക്കുന്നതിനെതിരെ മണ്ഡലം കമ്മറ്റികളെല്ലാം ശക്തമായ എതിര്‍പ്പാണ് ഉന്നയിച്ചത്. മാണി ഗ്രൂപ്പിന്റെ കൈവശമുള്ള സീറ്റ് ജോസഫിന് വിട്ടു കൊടുക്കേണ്ടതില്ലെന്ന് കോട്ടയം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. വൈക്കം മണ്ഡലം കമ്മറ്റി മാത്രമാണ് ജോസഫിനെ പിന്തുണച്ചത്. ജോസഫിന് വേണ്ടി യു.ഡി.എഫ്-കോണ്‍ഗ്രസ് നേതൃത്വം ചെലുത്തിയ സമ്മര്‍ദ്ദവും ഫലം കണ്ടില്ല.

Similar Articles

Comments

Advertismentspot_img

Most Popular