ഓസിസിന്‌ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ

മൊഹാലി: ഓപ്പണര്‍ ശിഖര്‍ ധവാന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെയും സെഞ്ചുറിക്ക് അഞ്ചു റണ്‍സ് അകലെ പുറത്തായ രോഹിത് ശര്‍മയുടെയും മികവില്‍ മൊഹാലി ഏകദിനത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 358 റണ്‍സെടുത്തു. മികച്ച തുടക്കം ലഭിച്ചെങ്കിലും ഓപ്പണര്‍മാര്‍ പോയതോടെ പിന്നാലെ വിക്കറ്റുകള്‍ ഒന്നൊന്നായി കൊഴിഞ്ഞെങ്കിലും റണ്‍ ഉയര്‍ത്തുന്നതില്‍ ബാറ്റ്‌സ്മാന്‍മാര്‍ പിന്‍മാറിയില്ല. 143 റണ്‍സ് നേടിയ ധവാനു പിന്നാലെ 19 റണ്‍സെടുത്ത ക്യാപ്റ്റന്‍ കോഹ്ലിയും കൂടാരം കയറി.
രാഹുല്‍ (26), പന്ത് (36),കേദാര്‍ ജാദവ് (10), വിജയ് ശങ്കര്‍ (26), ഭുവനേശ്വര്‍ കുമാര്‍ (1), ചാഹല്‍ (0) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. ഒരു റണ്ണുമായി കുല്‍ദീപും, ആറ് റണ്‍സുമായി ബുംമ്രയും പുറത്താകാതെ നിന്നു.

40–ാം അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ രോഹിത് ശര്‍മ സെഞ്ചുറിക്ക് അഞ്ചു റണ്‍സ് അകലെ പുറത്തായി. 95 പന്തില്‍ ഏഴു ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 95 റണ്‍സെടുത്ത രോഹിത്തിനെ റിച്ചാര്‍ഡ്‌സനാണ് പുറത്താക്കിയത്. ഒന്നാം വിക്കറ്റില്‍ രോഹിത് -– ധവാന്‍ സഖ്യം 193 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മല്‍സരത്തില്‍ റാഞ്ചിയില്‍ ഓസീസിനായി ആരോണ്‍ ഫിഞ്ച് –- ഉസ്മാന്‍ ഖവാജ സഖ്യവും ഓപ്പണിങ് വിക്കറ്റില്‍ 193 റണ്‍സാണ് നേടിയതെന്ന കൗതുകവുമുണ്ട്.

44 പന്തില്‍ ഒന്‍പതു ബൗണ്ടറി സഹിതമാണ് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ ധവാന്, 16–ാം ഏകദിന സെഞ്ചുറിയിലേക്കു വേണ്ടി വന്നത് 97 പന്തുകള്‍. 12 ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് ധവാന്‍ സെഞ്ചുറി കുറിച്ചത്. ഇന്ത്യയില്‍ ധവാന്റെ അഞ്ചാം സെഞ്ചുറിയും ഓസീസിനെതിരെ മൂന്നാം സെഞ്ചുറിയുമാണ് മൊഹാലിയില്‍ പിറന്നത്. കഴിഞ്ഞ 18 ഇന്നിങ്‌സുകള്‍ക്കിടെ ആദ്യ സെഞ്ചുറിയും. കരിയറില്‍ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയാണ് ധവാന്‍ മടങ്ങിയത്.


ധവാന്റെ സെഞ്ചുറി നേട്ടത്തിനിടിയിലും സഹ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് സെഞ്ചുറി നഷ്ടമായത് നിരാശ പടര്‍ത്തി. 92 പന്തില്‍ ഏഴു ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 95 റണ്‍സെടുത്ത രോഹിത്, സിക്‌സിലൂടെ സെഞ്ചുറി തികയ്ക്കാനുള്ള ശ്രമത്തിലാണ് പുറത്തായത്. ജൈ റിച്ചാര്‍ഡ്‌സന്റെ പന്തില്‍ ബൗണ്ടറിക്കു സമീപം പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് ക്യാച്ചെടുത്തു. ഇതിനിടെ ഇന്ത്യയ്ക്കായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ സഖ്യമായും ധവാന്‍–രോഹിത് കൂട്ടുകെട്ട് മാറി. ഇനി മുന്നിലുള്ളത് 8227 റണ്‍സുമായി സൗരവ് ഗാംഗുലി – -സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ സഖ്യം മാത്രം. സച്ചിന്‍–സേവാഗ് സഖ്യത്തെയാണ് ഇന്ന് രോഹിതും ധവാനും പിന്നിലാക്കിയത്. 4387 റണ്‍സാണ് സച്ചിന്‍ -– സേവാഗ് സഖ്യത്തിന്റെ സമ്പാദ്യം.

നേരത്തെ, ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. റാഞ്ചിയില്‍ തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണി നടത്തിയാണ് മൊഹാലിയിലെ നാലാം ഏകദിനത്തിനുള്ള ഇന്ത്യയുടെ പടയൊരുക്കം. വിശ്രമം അനുവദിക്കപ്പെട്ട മഹേന്ദ്രസിങ് ധോണിക്കു പകരം ഋഷഭ് പന്ത് വിക്കറ്റ് കീപ്പറായെത്തും. അമ്പാട്ടി റായുഡു, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ക്കു പകരം ലോകേഷ് രാഹുല്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരും ടീമിലെത്തി. ഓസീസ് നിരയിലും രണ്ടു മാറ്റമുണ്ട്. മാര്‍ക്കസ് സ്‌റ്റോയ്‌നിസിനു പകരം ആഷ്ടണ്‍ ടേണറും നേഥന്‍ ലയണിനു പകരം ജേസണ്‍ ബെഹ്‌റെന്‍ഡോര്‍ഫും ടീമില്‍ മടങ്ങിയെത്തി.

Similar Articles

Comments

Advertismentspot_img

Most Popular