149 യാത്രക്കാരുമായി എത്യോപ്യന്‍ എയര്‍ലൈന്‍സ് തകര്‍ന്നു വീണു

നെയ്‌റോബി: അഡിസ് അബാബയില്‍നിന്ന് കെനിയ തലസ്ഥാനമായ നെയ്‌റോബിയിലേക്ക് പോയ എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനം ഞായറാഴ്ച രാവിലെ തകര്‍ന്നുവീണു. വിമാനത്തില്‍ 149 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് ഉണ്ടായിരുന്നതെന്ന് എത്യോപ്യന്‍ എയര്‍ലൈന്‍സ് വൃത്തങ്ങള്‍ എ.എഫ്.പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങളെ എത്യോപ്യന്‍ പ്രസിഡന്റ് അനുശോചനം അറിയിച്ചതായും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ആളപായം സംബന്ധിച്ച വിവിരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. പ്രദേശിക സമയം രാവിലെ 8.38 ന് ബോള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന വിമാനവുമായുള്ള ബന്ധം ആറ് മിനിട്ടിനകം നഷ്ടപ്പെട്ടു.

ആഫ്രിക്കയിലെ നിരവധി നഗരങ്ങളെ ബന്ധിപ്പിച്ച് വിമാന സര്‍വീസുകള്‍ നടത്തുന്ന എത്യോപ്യന്‍ എയര്‍ലൈന്‍സിന് ആരാജ്യത്തെ യാത്രക്കാര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ഉള്ളതെന്ന് ബിബിസി റിപ്പോര്‍ട്ടുചെയ്തു.

2010 ല്‍ കമ്പനിയുടെ വിമാനം ബെയ്‌റൂട്ടില്‍നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നു വീണിരുന്നു. 90 പേരാണ് അപകടത്തില്‍ മരിച്ചത്. 1996 ല്‍ അഡിസ് അബാബയില്‍നിന്ന് നെയ്‌റോബിയിലേക്ക് പോയ വിമാനം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ ഇന്ധം തീര്‍ന്നതിനെത്തുടര്‍ന്ന് തകര്‍ന്നുവീണ് 123 പേര്‍ മരിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular