പക ഒടുങ്ങാതെ പാക്കിസ്ഥാന്‍..!!! സൈനിക തൊപ്പി വച്ച് കളിച്ച ഇന്ത്യന്‍ ടീമിനെതിരേ ഐസിസി നടപടി എടുക്കണമെന്ന്

കറാച്ചി: സൈനിക്കത്തൊപ്പിയുമണിഞ്ഞ് ക്രിക്കറ്റ് കളിക്കാനിറങ്ങിയ ഇന്ത്യന്‍ ടീമിനെതിരെ നടപടി ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍. ക്രിക്കറ്റിനെ അനാവശ്യമായി രാഷ്ട്രീയവല്‍ക്കരിക്കാനാണ് ഇന്ത്യയുടെ ശ്രമമെന്ന് പാക്കിസ്ഥാന്‍ കുറ്റപ്പെടുത്തി. ഓസ്‌ട്രേലിയയ്‌ക്കെതിരെ വെള്ളിയാഴ്ച റാഞ്ചിയില്‍ നടന്ന മൂന്നാം ഏകദിനത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ സൈനികത്തൊപ്പി ധരിച്ച് കളത്തിലിറങ്ങിയത്. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ചായിരുന്നു ഇത്. അതേസമയം, മല്‍സരം ഇന്ത്യ 32 റണ്‍സിനു തോറ്റിരുന്നു.

സൈനികത്തൊപ്പി ധരിച്ചു കളിക്കിറങ്ങിയ ടീമംഗങ്ങള്‍ തങ്ങളുടെ മാച്ച് ഫീ തുക ദേശീയ പ്രതിരോധ നിധിയിലേക്കു സംഭാവനയും നല്‍കി. മല്‍സരത്തിനിറങ്ങിയ 11 പേര്‍ക്ക് 8 ലക്ഷം രൂപ വീതവും മറ്റുള്ളവര്‍ക്ക് 4 ലക്ഷം രൂപ വീതവുമാണു മാച്ച് ഫീ. ടീമംഗവും ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്. കേണലുമായ മഹേന്ദ്ര സിങ് ധോണിയാണ് ടീമംഗങ്ങള്‍ക്കു സൈനികത്തൊപ്പി വിതരണം ചെയ്തത്. സ്‌പോണ്‍സര്‍ ലോഗോയ്ക്കു പുറമേ ബിസിസിഐ ലോഗോയും തൊപ്പിയിലുണ്ടായിരുന്നു.

ഇന്ത്യയുടെ ഈ നടപടിയെ അനാവശ്യമെന്നു വിശേഷിപ്പിച്ച പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി, ഇക്കാര്യത്തില്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ശക്തമായ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു.

‘ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ കഴിഞ്ഞ ദിവസം സൈനികത്തൊപ്പിയും ധരിച്ച് കളത്തിലിറങ്ങിയത് എല്ലാവരും കണ്ടു. ഐസിസി ഇക്കാര്യം ശ്രദ്ധിച്ചോ എന്നറിയില്ല. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇതിനെതിരെ രംഗത്തു വന്നില്ലെങ്കിലും പോലും സ്വമേധയാ ഐസിസി നടപടിയെടുക്കേണ്ട ഗൗരവമാര്‍ന്ന വിഷയമാണിത്’ – ഖുറേഷിയെ ഉദ്ധരിച്ച് പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പാക്ക് ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധരിയും ഇതേ അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ സൈനികത്തൊപ്പി ധരിച്ച് കളത്തിലിറങ്ങിയ ചിത്രം സഹിതം ചൗധരി നടത്തിയ ട്വീറ്റില്‍, ‘ഇതു വെറും ക്രിക്കറ്റല്ല’ എന്നു കുറിച്ചിരുന്നു.

‘മാന്യമാരുടെ കളിയെ രാഷ്ട്രീയവല്‍ക്കരിച്ച ഇന്ത്യയ്‌ക്കെതിരെ ഐസിസി നടപടിയെടുക്കുമെന്നു പ്രതീക്ഷിക്കുന്നു. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ടീമിനെ ആരും തടയുന്നില്ലെങ്കില്‍ കശ്മീരിലെ ഇന്ത്യന്‍ കുടിലതകള്‍ ലോകത്തെ അറിയിക്കാന്‍, കറുത്ത ആം ബാന്‍ഡ് അണിഞ്ഞ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളും കളത്തിലിറങ്ങണം’ – ചൗധരി കുറിച്ചു. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായിത്തന്നെ ഈ വിഷയം ഐസിസിക്കു മുന്നില്‍ ഉയര്‍ത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Similar Articles

Comments

Advertismentspot_img

Most Popular