ഇന്ത്യന്‍ യുവാവും പാക് യുവതിയുമായുള്ള വിവാഹം മാറ്റിവച്ചു

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ രാജസ്ഥാന്‍ യുവാവിന് പാകിസ്താനി യുവതിയുമായുള്ള വിവാഹം മാറ്റിവെക്കേണ്ടി വന്നു. ഈ മാസം എട്ടാം തീയതി നടത്താന്‍ നിശ്ചയിച്ചിരുന്ന വിവാഹമാണ് പാകിസ്താനിലേയ്ക്കുള്ള യാത്ര അസാധ്യമായ സാഹചര്യത്തില്‍ നീട്ടിവെക്കാന്‍ തീരുമാനിച്ചത്.

രാജസ്ഥാനിലെ ഖേജദ്കാ പാര്‍ എന്ന അതിര്‍ത്തി ഗ്രാമത്തിലെ മഹേന്ദ്ര സിങ്ങും പാകിസ്താനിലെ അമര്‍കോട്ട് ജില്ലയിലെ സിനോയി ഗ്രാമവാസിയായ ചംഗന്‍ കന്‍വാര്‍ എന്ന യുവതിയും തമ്മിലുള്ള വിവാഹമാണ് മാറ്റിവെച്ചത്. വിവാഹത്തിന് പുറപ്പെടുന്നതിന് പാകിസ്താനിലേയ്ക്കുള്ള താര്‍ എക്സ്പ്രസ്സില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ട്രെയിന്‍ സര്‍വ്വീസ് അനിശ്ചിതത്വത്തിലായി. ഇതാണ് വിവാഹം നീട്ടിവെക്കേണ്ട സാഹചര്യമുണ്ടാക്കിയതെന്ന് മഹേന്ദ്ര സിങ് പറയുന്നു.

വിവാഹത്തിനായി പാകിസ്താനിലേയ്ക്ക് പോകുന്നതിന് നിരവധി തടസ്സങ്ങളെ നേരിടേണ്ടിവന്നതായി മഹേന്ദ്ര സിങ് പറയുന്നു. വിസ ലഭിക്കുന്നതിന് ഒരുപാട് ബുദ്ധിമുട്ടുകളുണ്ടായി. മന്ത്രിയായ ഗജേന്ദ്ര സിങ്ങിന്റെ സഹായത്തോടെയാണ് വിവാഹത്തിനായി പാകിസ്താനിലേയ്ക്കു പോകുന്നതിന് അഞ്ചു പേര്‍ക്ക് വിസ ലഭിച്ചത്. തുടര്‍ന്ന് വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും നടത്തുകയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാഹം മാറ്റവയ്ക്കേണ്ടിവന്നിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

പാകിസ്താനിലെ ലാഹോറില്‍നിന്ന് ഇന്ത്യയിലെ അത്താരിയിലേക്ക് തിങ്കളാഴ്ചയും വ്യാഴാഴ്ചയുമാണ് താര്‍ എക്സ്പ്രസ്സ് സര്‍വീസ് നടത്തുന്നത്. ഇന്ത്യയുമായുള്ള പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ അധികൃതര്‍ അനുമതി നല്‍കാത്തതാണ് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെക്കാന്‍ കാരണമെന്നാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം.

പുല്‍വാമ ആക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയെ തുടര്‍ന്ന് പാകിസ്താന്‍ വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി ലംഘിക്കുകയും ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമന്‍ പാക് പിടിയിലാകുകയും നയതന്ത്ര ഇടപടലുകളിലൂടെ അദ്ദേഹത്തെ പാകിസ്താന്‍ പിന്നീട് ഇന്ത്യയ്ക്ക് കൈമാറുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളായ സാഹചര്യത്തില്‍ ഇന്ത്യയും പാകിസ്താനും ഇടയിലുള്ള ട്രെയിന്‍ ഗതാഗതം അടക്കമുള്ളവ നിര്‍ത്തിവെച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular