വി.കെ. ശ്രീകണ്ഠന്റെ പദയാത്ര; കോണ്‍ഗ്രസിന് മുന്‍തൂക്കം; സിപിഎം അങ്കലാപ്പില്‍

പാലക്കാട് ഡിസിസി പ്രസിഡന്റ് വികെ ശ്രീകണ്ഠന്‍ നയിക്കുന്ന ജയ് ഹോ പദയാത്ര 11 ദിവസം പിന്നിടുന്നു. പട്ടാമ്പിയില്‍ നിന്നാണ് പതിനൊന്ന് ദിവസത്തെ യാത്ര ആരംഭിച്ചത്. വന്‍ സ്വീകരണമാണ് യാത്രക്ക് ലഭിക്കുന്നത്. കോണ്‍ഗ്രസുമായി അകന്ന് നില്‍ക്കുന്ന നിരവധി പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും യാത്രയുടെ ഭാഗമായതോടെ സിപിഎമ്മും അങ്കലാപ്പിലാണ്.

വികെ ശ്രീകണ്ഠന്‍ പാലക്കാട് സ്ഥാനാര്‍ത്ഥിയായാല്‍ നിഷ്പക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോകുമെന്ന വിലയിരുത്തലിലാണ് സിപിഎം എന്നാണ് വിവരം. തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ പദയാത്ര കോണ്‍ഗ്രസിന് അല്‍പ്പം മുന്‍തൂക്കം കിട്ടുമെന്ന് ചില സിപിഎം നേതാക്കളും സമ്മതിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസവും ചില പ്രാദേശിക നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസുമായി അകന്ന് പാര്‍ട്ടി വേദികളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന മുന്‍ ഡിസിസി അധ്യക്ഷന്‍ എവി ഗോപിനാഥ് വീണ്ടും കോണ്‍ഗ്രസ് വേദിയില്‍ എത്തിയതും വികെ ശ്രീകണ്ഠന്റെ വിജയമായാണ് കണക്കുകൂട്ടന്നത്. നേരത്തെ, പാര്‍ട്ടിയുമായി അകന്ന ഗോപിനാഥ് ഇടക്കാലത്ത് സി പി എമ്മുമായി അടുക്കുന്നു എന്ന ആക്ഷേപം ശക്തമായിരുന്നു.

അതേസമയം കോണ്‍ഗ്രസില്‍ വിട്ടുനില്‍ക്കുന്നവരും വിഘടിച്ചു നിന്നവരും ജയ്ഹോയിലൂടെ പാര്‍ട്ടിയിലേക്ക് മടക്കയാത്ര നടത്തുന്നതിനിടെ മറ്റ് പാര്‍ട്ടികളില്‍ നിന്നും പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കോണ്‍ഗ്രസില്‍ ചേരുകകൂടി ചെയ്യുന്നതോടെ ‘ജയ്ഹോ’ ജില്ലയില്‍ തരംഗമായി മാറിയിരിക്കുകയാണ്.

25 ദിവസങ്ങള്‍കൊണ്ട് ജില്ലയിലെ 88 പഞ്ചായത്തുകളും 8 നഗരസഭകളും താണ്ടി 100 സ്വീകരണ പരിപാടികള്‍ ഏറ്റുവാങ്ങി 361 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാണ് വി കെ ശ്രീകണ്ഠന്റെ ജയ്ഹോ പ്രയാണം. മാര്‍ച്ച് 14 നാണ് പദയാത്രയുടെ സമാപനം.

അതിനിടെ, പാലക്കാട് മണ്ഡലത്തില്‍ ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്റെ പേരാണു ലോക്സഭാ സ്ഥാനാര്‍ത്ഥിയായി പരിഗണനയിലുള്ളത്. സുമേഷ് അച്യുതന്‍, വി.എസ്. വിജയരാഘവന്‍ എന്നിവരുടെ പേരും ഉയരുന്നുണ്ടെങ്കിലും ജയ് ഹോ പദയാത്രയിലൂടെ വലിയ ജനപിന്തുണ നേടിയെടുക്കാനായ വി.കെ. ശ്രീകണ്ഠന്‍ തന്നെ മതിയെന്ന നിലപാടിലാണ് അണികളും ജില്ലയിലെ നേതാക്കളും.

സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് പ്രാമുഖ്യമുള്ള രണ്ട് മണ്ഡലങ്ങളാണ് ആലത്തൂരും പാലക്കാടും. എന്നാല്‍ വി.കെ. ശ്രീകണ്ഠന്റെ പദയാത്ര രണ്ട് മണ്ഡലങ്ങളിലും കാര്യമായ ചലനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന് അസാധ്യമായ സീറ്റൊന്നുമല്ല പാലക്കാട് എന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കറും പറയുന്നു.

കോണ്‍ഗ്രസ് നല്ല രീതിയില്‍ ഒരു ശ്രമം നടത്താത്തതുകൊണ്ടാണ് പാലക്കാട് തോറ്റുപോവുന്നത്. സതീശന്‍ പാച്ചേനി മത്സരിച്ചപ്പോള്‍ ഏതാണ്ട് ആയിരത്തില്‍പ്പരം വോട്ടുകള്‍ക്ക് മാത്രമാണ് പരാജയപ്പെട്ടത്. അങ്ങനെയുള്ള ഒരു മണ്ഡലത്തില്‍ വളരെ പ്രബലനായ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് നല്ല പോരാട്ടം കാഴ്ചവെയ്ക്കാനാവുമെന്ന് അഡ്വ. ജയശങ്കര്‍ പറയുന്നു.

1971ലെ തിരഞ്ഞെടുപ്പ് വരെ സ്ഥിരമായി കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്ന മണ്ഡലമാണ് പാലക്കാട്. 77ലാണ് ആ മണ്ഡലം സി.പി.എമ്മിന് നഷ്ടപ്പെടുന്നത്. അതിന് ശേഷം വി.എസ്.വിജയരാഘവന്‍ മത്സരിച്ച് ജയിച്ചു. ഒരു തവണ എ. വിജയരാഘവന്‍ ചെറിയ ഭൂരിപക്ഷത്തില്‍ വിജയിച്ചെങ്കിലും വി.എസ് വീണ്ടും ആ സീറ്റ് തിരിച്ചുപിടിച്ചു.

പിന്നെ കൃഷ്ണദാസാണ് ആ മണ്ഡലം തിരിച്ചുകൊണ്ടുവരുന്നത്. കൃഷ്ണദാസ് വിജയിച്ചതിനുശേഷം പിന്നെ ഇതുവരെ ഇവിടെ സി.പി.എമ്മേ വിജയിച്ചിട്ടുള്ളൂ. കൃഷ്ണദാസ് മൂന്ന് തവണ ജയിച്ചു. അതിന് ശേഷം രാജേഷ് രണ്ട് തവണയും. ഇത്തവണ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.

Similar Articles

Comments

Advertismentspot_img

Most Popular