ഡല്‍ഹിയില്‍ താമസിക്കുന്ന പാക് യുവതി രാജ്യം വിടണമെന്ന് കോടതി

ന്യൂഡല്‍ഹി: ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം രാജ്യതലസ്ഥാനത്ത് താമസിക്കുന്ന പാക് യുവതി രണ്ടാഴ്ചയ്ക്കകം ഇന്ത്യ വിടണമെന്ന് ഡല്‍ഹി ഹൈക്കോടതി. രാജ്യം വിടണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ നോട്ടീസ് റദ്ദാക്കണമെന്ന സ്ത്രീയുടെ ആവശ്യം കോടതി തള്ളി.

പാക് യുവതി രാജ്യത്ത് തങ്ങുന്നതിനെതിരെ സുരക്ഷാ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറലും കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സലും കോടതിയെ അറിയിച്ചു. ഇന്ത്യക്കാരനെ വിവാഹം കഴിച്ച് 2005 ല്‍ ഡല്‍ഹിയിലെത്തിയ പാക് വനിതയോടാണ് രാജ്യംവിടാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പമാണ് അവര്‍ ഡല്‍ഹിയില്‍ കഴിയുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

ഫെബ്രുവരി 22 നകം രാജ്യംവിടണമെന്ന നോട്ടീസാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അവര്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍, സമയം നീട്ടിനല്‍കിയ കോടതി രണ്ടാഴ്ചയ്ക്കകം രാജ്യം വിടണമെന്ന നിര്‍ദ്ദേശം നല്‍കി. ഈ കാലയളവിനകം രാജ്യം വിടാന്‍ തയ്യാറായില്ലെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഇനി അവര്‍ രാജ്യത്തേക്ക് വരുന്നത് തടയണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

രാജ്യം വിടണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ സ്ത്രീയും ഭര്‍ത്താവുമാണ് കോടതിയെ സമീപിച്ചത്. ഇതേത്തുടര്‍ന്ന് ഫെബ്രുവരി 28 വരെ അവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. 2015 മുതല്‍ 2020 വരെ രാജ്യത്ത് തങ്ങുന്നതിനുള്ള ദീര്‍ഘകാല വിസ തനിക്ക് അനുവദിച്ചിട്ടുണ്ടെന്നാണ് സ്ത്രീ കോടതിയില്‍ അവകാശപ്പെട്ടിട്ടുള്ളത്.

Similar Articles

Comments

Advertismentspot_img

Most Popular