പിന്‍മാറരുത്; അത് കീഴടങ്ങലിനേക്കാള്‍ ദയനീയമായിരിക്കും; പൊരുതാതെ തോല്‍ക്കുന്നതിന് തുല്യമാണ്; ഓര്‍മക്കുറിപ്പുമായി തരൂര്‍

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തെക്കുറിച്ചുള്ള വിവാദവും പുകഞ്ഞുനില്‍ക്കുകയാണ്. ഇന്ത്യ പാകിസ്താനെതിരായ ലോകകപ്പ് മത്സരം ബഹിഷ്‌കരിക്കണമെന്ന ആവശ്യം ശക്തമായിരിക്കെ ഈ ആവശ്യത്തിനെതിരേ രംഗത്തുവന്നിരിക്കുകയാണ് മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ എം.പി. ഇന്ത്യ മത്സരം അടിയറവയ്ക്കുന്നത് കീഴടങ്ങലിനേക്കാള്‍ ദയനീയമാണെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു.

‘ഇതൊരു ഓര്‍മക്കുറിപ്പാണ്. 1999ല്‍ കാര്‍ഗില്‍ യുദ്ധത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ ഇന്ത്യ ലോകകപ്പില്‍ പാകിസ്താനെതിരേ കളിച്ചിട്ടുണ്ട്. ജയിച്ചിട്ടുമുണ്ട്. ഈ വര്‍ഷം മത്സരം അടിയറവയ്ക്കുക എന്നു വച്ചാല്‍ രണ്ട് പോയിന്റ് നഷ്ടപ്പെടുക മാത്രമല്ല. അത് കീഴടങ്ങലിനേക്കാള്‍ ദയനീയമായിരിക്കും. അത് പൊരുതാതെ തോല്‍ക്കുന്നതിന് തുല്ല്യമാണ്’ട്വീറ്റില്‍ തരൂര്‍ പറഞ്ഞു.

വലിയ ചര്‍ച്ചയാണ് തരൂരിന്റെ ട്വീറ്റിന് താഴെ. പലരും തരൂരിനെ വിമര്‍ശിച്ചപ്പോള്‍ ഇന്ത്യയുടെ ലോകകപ്പ് ടീമിന് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പെയ് ആശംസ നേരുന്ന ചിത്രവും ഒരാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

1999 ജൂണ്‍ എട്ടിന് മാഞ്ചസ്റ്റര്‍ ഗ്രൗണ്ടില്‍ നടന്ന ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്ന ലോകകപ്പ് മത്സരത്തിന്റെ സ്‌കോര്‍കാര്‍ഡ് അടക്കമാണ് തരൂരിന്റെ ട്വീറ്റ്. ഈ മത്സരത്തില്‍ ഇന്ത്യ 47 റണ്‍സിനാണ് വിജയിച്ചത്.

ഔദ്യോഗിക വിവരം അനുസരിച്ച് 1999 മെയ് മൂന്നിന് തുടക്കമായ കാര്‍ഗില്‍ യുദ്ധം ജൂലായ് 26നാണ് അവസാനിച്ചത്.

ജൂണ്‍ പതിനാറിന് മാഞ്ചസ്റ്ററില്‍ തന്നെയാണ് ഇത്തവണത്തെ ലോകകപ്പില്‍ ഇന്ത്യ പാകിസ്താനെ നേരിടുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular