മുഖ്യമന്ത്രി ഇന്ന് കാസര്‍ഗോഡ് എത്തും; സുരക്ഷ കൂടുതല്‍ ശക്തമാക്കി

കാസര്‍ഗോഡ്: മുഖ്യമന്ത്രി ഇന്ന് കാസര്‍ഗോഡ് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. പെരിയ ഇരട്ടക്കൊലയെത്തുടര്‍ന്ന് സിപിഎം പ്രതിരോധത്തിലായ സാഹചര്യത്തിലാണ് പിണറായി വിജയന്റെ സന്ദര്‍ശനം. നിലവിലെ സാഹചര്യത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ കനത്ത സുരക്ഷ ഉറപ്പാക്കാനാണ് പൊലീസിന്റെ തീരുമാനം. അതേസമയം ഇന്നലെ അറസ്റ്റിലായ അഞ്ചുപേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ പെരിയ ഇരട്ടകൊലയ്ക്കുശേഷം ആദ്യമായാണ് മുഖ്യമന്ത്രി ജില്ലയില്‍ എത്തുന്നത്. കൊലപാതകത്തെ തള്ളിപ്പറഞ്ഞ പിണറായി വിജയന്‍ കൃപേഷിന്റെയും, ശരത് ലാലിന്റെയും വീടുകള്‍ സന്ദര്‍ശിക്കുമൊയെന്ന് ഏവരും ഉറ്റുനോക്കുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതിന് സാധ്യതയില്ലെന്നാണ് സൂചന. വിദ്യാനഗറില്‍ പാര്‍ട്ടി ജില്ലാകമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനവും, കാഞ്ഞങ്ങാട് വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവുമാണ് പിണറായിയുടെ ജില്ലയിലെ പരിപാടികള്‍.

ഇരട്ടകൊലപാതകത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് പരിപാടികളില്‍ പങ്കെടുക്കില്ല. മുഖ്യമന്ത്രിക്കു നേരെ പ്രതിക്ഷേധം ഉണ്ടായേക്കും എന്ന സൂചനയുടെ അടിസ്ഥാനത്തില്‍ എല്ലാ പരിപാടികളിലും പഴുതടച്ച സുരക്ഷ ഉറപ്പാക്കും. അതേസമയം കേസില്‍ ഇന്നലെ അറസ്റ്റിലായ അഞ്ചുപേരെയും ഇന്ന് തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ കൂടുതല്‍പ്പേര്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പ്രതികള്‍ ആവര്‍ത്തിക്കുമ്പോഴും വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.

സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തും. കെ.മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

അതേസമയം, പെരിയ ഇരട്ടക്കൊലപാതകം അന്വേഷിക്കുന്നതിനുള്ള ക്രൈംബ്രാഞ്ച് സംഘമായി. എറണാകുളം െ്രെകംബ്രാഞ്ച് എസ്പി മുഹമ്മദ് റഫീക്കാണ് അന്വേഷണ സംഘത്തലവന്‍. മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രദീപ്, കാസര്‍കോട് ക്രൈംബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ സലീം എന്നിവരും സംഘത്തിലുണ്ട്. ഐ.ജി. എസ്. ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലാവും അന്വഷണം. കേസ് തുടക്കത്തില്‍ അന്വേഷിച്ചിരുന്ന കാസര്‍കോട് എസ്.പി ഡോ. എ. ശ്രീനിവാസ് ക്രൈംബ്രാഞ്ച് എസ്.പിയായി സ്ഥലം മാറിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular