കാസര്‍ഗോഡ് കൊലപാതകം; പീതാംബരന്റെ കുടുംബത്തെ തള്ളി സിപിഎം

കാസര്‍കോട്: പെരിയ ഇരട്ടകൊലപാതക കേസിലെ പ്രതി പീതാംബരന്റെ കുടുംബത്തെ തള്ളി സിപിഎം. കൊലപാതകങ്ങളില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്നും ഭര്‍ത്താവ് കേസില്‍ പെട്ട വിഷമത്തിലായിരിക്കാം പീതാംബരന്റെ ഭാര്യയുടെ പ്രതികരണമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പീതാംബരന് കൊലപാതകത്തില്‍ പങ്കില്ലെന്നും മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുക്കുകയായിരുന്നെന്നുമുള്ള പീതാംബരന്റെ ഭാര്യ മഞ്ജുവിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടി പറഞ്ഞിട്ടാണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന് ഭാര്യയോട് ഭര്‍ത്താവ് പറഞ്ഞിട്ടുണ്ടായിരിക്കാം. എന്നാല്‍ പാര്‍ട്ടിക്ക് അങ്ങനെയൊരു തീരുമാനം ഉണ്ടായിരുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവരൊക്കെ ഇത് പാര്‍ട്ടി തീരുമാനമാണ് എന്നുപറഞ്ഞ് ചെയ്യും. ചെയ്യുന്ന ആള്‍ വിചാരിക്കുന്നത് താനാണ് പാര്‍ട്ടി എന്നാണ്. അവരല്ല പാര്‍ട്ടി. പാര്‍ട്ടി എന്ന നിലയില്‍ അങ്ങനെയൊരു തീരുമാനം ഉണ്ടായിട്ടില്ല. ഇക്കാര്യം അവിടുത്തെ ലോക്കല്‍ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്.

പീതാംബരന്റെ കുടുംബത്തിന് പാര്‍ട്ടി തീരുമാനപ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് ധാരണയുണ്ടായിട്ടുണ്ടാകാം. എന്നാല്‍ ആ ധാരണയുണ്ടായതില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ല. പീതാംബരന്‍ കൊലക്കേസില്‍ ഉള്‍പ്പെട്ടപ്പോള്‍ വീട്ടുകാര്‍ക്ക് വിഷമമുണ്ടായിട്ടുണ്ടാകും. അതില്‍നിന്നുണ്ടാകുന്ന ഒരു അഭിപ്രായപ്രകടനം എന്നല്ലാതെ അതിന് വലിയ പ്രാധാന്യം കൊടുക്കേണ്ടതായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്തിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായ പീതാംബരനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ പീതാംബരന് കൊലപാതകത്തില്‍ പങ്കില്ലെന്നും മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുക്കുകയായിരുന്നെന്നും ഭാര്യ മഞ്ജു പ്രതികരിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular