ലോകകപ്പില്‍ പാകിസ്ഥാനുമായുള്ള മത്സരം ഇന്ത്യ വേണ്ടെന്ന് വയ്ക്കണമെന്ന് ഹര്‍ഭജന്‍ സിംഗ്

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്ഥാനുമായുള്ള മത്സരം ഇന്ത്യ വേണ്ടെന്ന് വയ്ക്കണമെന്ന് മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. ഇന്ത്യ പാകിസ്ഥാനുമായുള്ള മത്സരം ബഹിഷ്‌കരിക്കണം. ഈ മത്സരം ഇല്ലാതെ തന്നെ ലോകകപ്പില്‍ മുന്നോട്ട് പോകാന്‍ ശക്തിയുള്ള ടീമാണ് ഇന്ത്യയെന്നും ഹര്‍ഭജന്‍ പറഞ്ഞു.

വളരെ വിഷമകരമായ സമയമാണിത്. വിഷയത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം. പാകിസ്ഥാനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പക്കണം. അല്ലെങ്കില്‍ അവര്‍ നമ്മളോട് ഇങ്ങനെ തന്നെ ചെയ്തു കൊണ്ടിരിക്കും. ക്രിക്കറ്റിലായാലും അങ്ങനെ തന്നെ വേണമെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യമാണ് ഏറ്റവും വലുത്. അതിന്റെ പിന്നില്‍ നാം എല്ലാം അണിനിരക്കണം. നമ്മുടെ ജവാന്മാര്‍ നിരന്തരം ആക്രമിക്കപ്പെടുമ്പോള്‍ ഏത് കായിക ഇനമായാലും മാറ്റിവെയ്ക്കപ്പെടണം. ക്രിക്കറ്റോ ഹോക്കിയോ ഏതുമാകട്ടെ, പാകിസ്ഥാനുമായി ഇനി മത്സരം വേണ്ടെന്നും ഹര്‍ഭജന്‍ പറഞ്ഞു.

നേരത്തെ, പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മെയ് അവസാനം ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ കളിക്കരുതെന്ന ആവശ്യവുമായി ആരാധകര്‍ രംഗത്തെത്തിയിരുന്നു. ആരാധകര്‍ക്ക് പുറമെ മുംബൈയിലെ ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യയും(സിസിഐ) ഇതേ ആവശ്യം ഉന്നയിച്ചു.

ഏകദിന ലോകകപ്പ് ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന കടുത്ത ആവശ്യമാണ് ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യ സെക്രട്ടറി സുരേഷ് ബാഫ്‌ന മുന്നോട്ടുവെച്ചിരിക്കുന്നത്. ബാഫ്‌നയുടെ ആവശ്യത്തിന് സമൂഹ മാധ്യമങ്ങളിലും ആരാധകരുടെ പിന്തുണ ലഭിക്കുന്നുണ്ട്. അതേസമയം, ഭീകരവാദത്തെ പിന്തുണക്കുന്ന പാക്കിസ്ഥാന്‍ നിലപാട് മാറ്റുന്നതുവരെ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരകള്‍ ഉണ്ടാവില്ലെന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല വ്യക്തമാക്കി.

ലോകകപ്പ് ക്രിക്കറ്റ് തുടങ്ങാന്‍ ഇനിയും സമയമുണ്ടെന്നതിനാല്‍ ലോകകപ്പില്‍ നിന്ന് പിന്‍മാറണമെന്ന ആവശ്യത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കേണ്ട കാര്യമില്ലെന്നും ശുക്ല പറഞ്ഞു. ലോകകപ്പില്‍ പാക്കിസ്ഥാനുമായി കളിക്കുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. കാരണം ലോകകപ്പിന് ഇനിയും ദിവസങ്ങളുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമായിരിക്കും ബിസിസിഐ എന്ന് ശുക്ല പറഞ്ഞു.

ക്രിക്കറ്റും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തരുതെന്നാണ് ആഗ്രഹിക്കുന്നതെങ്കിലും തീവ്രവാദത്തെ പിന്തുണക്കുന്ന പാക് നിലപാട് മാറ്റും വരെ ആ രാജ്യവുമായി ക്രിക്കറ്റ് ബന്ധങ്ങള്‍ പുനരാരംഭിക്കാനാവില്ലെന്നും ശുക്ല പറഞ്ഞു. ജൂണ്‍ 16നാണ് ലോകകപ്പിലെ ഇന്ത്യാപാക്കിസ്ഥാന്‍ മത്സരം.

Similar Articles

Comments

Advertismentspot_img

Most Popular