കശ്മീരില്‍ ചാവേര്‍ സ്‌ഫോടനം; 40 ജവാന്മാര്‍ക്ക് വീരമൃത്യു; എണ്‍പതോളം പേര്‍ക്കു പരുക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അവന്തിപോറയില്‍ ഭീകരര്‍ നടത്തിയ ചാവേര്‍ സ്‌ഫോടനത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. എണ്‍പതോളം പേര്‍ക്കു പരുക്കേറ്റു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണു സൂചന. പുല്‍വാമ ജില്ലയിലെ ഗോറിപോറയില്‍ വച്ചാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്ക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തു. നാല്‍പതോളം പേര്‍ വീരമൃത്യു വരിച്ചതായി ജമ്മു കശ്മീര്‍ ഗവര്‍ണറുടെ ഉപദേഷ്ടാവ് കെ. വിജയകുമാര്‍ വ്യക്തമാക്കി.

സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം തുടങ്ങി. വെള്ളിയാഴ്ച രാവിലെ എന്‍ഐഎയുടെ 12 അംഗ സംഘം സംഭവ സ്ഥലം സന്ദര്‍ശിക്കും. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും സംഘത്തെ നയിക്കുക. ആക്രമണമുണ്ടായ ബസിനുള്ളില്‍ 40 ജവാന്മാര്‍ ഉണ്ടായിരുന്നതായാണു വിവരം.

2016 ലെ ഉറി ആക്രമണത്തിനു ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇത്. ജയ്‌ഷെ മുഹമ്മദിന്റെ ഓപ്പറേഷന്‍ ചീഫ് ആയിരുന്ന ഖാലിദിനെ 2017ല്‍ ഇന്ത്യന്‍ സേന വെടിവച്ചു കൊന്നിരുന്നു. ഇതിനു തിരിച്ചടിയായി കശ്മീരില്‍ ഭീകരര്‍ വ്യാപക ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നുണ്ടായിരുന്നു.

ജമ്മുവില്‍നിന്നു ശ്രീനഗറിലേക്കു പോയ സൈനിക വാഹനവ്യൂഹത്തിനു നേരെയായിരുന്നു ആക്രമണം. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം സൈനിക വാഹനങ്ങള്‍ക്കു നേരെ ഭീകരര്‍ ഇടിച്ചു കയറ്റുകയായിരുന്നു. 2500 ലേറെ സൈനികരാണ് ആക്രമണം നടക്കുമ്പോള്‍ 70 വാഹനങ്ങളിലായി ഉണ്ടായിരുന്നത്.

പുല്‍വാമ സ്വദേശിയും ജയ്‌ഷെ ഭീകരനുമായ ആദില്‍ അഹമ്മദ് ധര്‍ ആണു ചാവേറാക്രമണം നടത്തിയതെന്നു ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഉഗ്രശേഷിയുള്ള ഇംപ്രവൈസ്ഡ് എക്‌സ്പ്‌ളോസീവ് ഡിവൈസ് (ഐഇഡി) ഉപയോഗിച്ചായിരുന്നു സ്‌ഫോടനം. 350 കിലോയോളം സ്‌ഫോടക വസ്തുക്കള്‍ ആക്രമണത്തിന് ഉപയോഗിച്ചെന്നാണു കരുതുന്നത്. ആക്രമണത്തില്‍ പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ചാവേര്‍ ആക്രമണത്തിനു പിന്നാലെ വെടിവയ്പും ഉണ്ടായതായി പരിസരവാസികള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്നു പ്രദേശത്തു വന്‍ സൈനിക സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular