ഷുക്കൂര്‍ വധക്കേസ്: വിചാരണ കണ്ണൂരില്‍ നിന്നും കൊച്ചിയിലേക്ക് മാറ്റണമെന്ന് സിബിഐ

കൊച്ചി: ഷുക്കൂര്‍ വധക്കേസില്‍ വിചാരണ കണ്ണൂരില്‍ നിന്നും മാറ്റണമെന്ന് സിബിഐ ആവശ്യപ്പെട്ടു. കൊച്ചിയിലെ സിബിഐ സ്പെഷ്യല്‍ കോടതിയിലേക്ക് വിചാരണ മാറ്റണമെന്നാണ് ആവശ്യപ്പെട്ടത്. പെട്ടെന്നുണ്ടായ പ്രകോപനമല്ല ബോധപൂര്‍വ്വമായ ആസൂത്രണമാണ് ഷുക്കൂറിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് തലശ്ശേരി കോടതിയില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. കുറ്റപത്രവുമായി ബന്ധപ്പെട്ട കേസ് ഇന്ന് തലശ്ശേരിയിലെ ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കവേയാണ് സിബിഐ ആവശ്യം ഉന്നയിച്ചത്.

ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജന്റെയും ടി.വി.രാജേഷിന്റെയും വ്യക്തമായ പങ്ക് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇരുവര്‍ക്കെതിരേയുമുള്ള തെളിവുകള്‍ സിബിഐ അക്കമിട്ട് നിരത്തി. നേതാക്കള്‍ ഇടപെട്ട് നടത്തിയ ഗൂഢാലോചനയും ആസൂത്രണവുമാണ് ഷുക്കൂര്‍ വധത്തിലേതെന്ന് കുറ്റപത്രം വ്യക്തമാക്കുന്നത്.

സിപിഐഎം ശക്തികേന്ദ്രമായ കീഴറ കണ്ണപുരത്തെ വള്ളുവന്‍ കടവില്‍വച്ചാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നും കുറ്റപത്രം പറയുന്നു. ഷുക്കൂറിനെ സുഹൃത്തുക്കള്‍ക്കൊപ്പം കണ്ണപുരം കീഴറയിലെ ഒരു വീട്ടില്‍ രണ്ടര മണിക്കൂറോളം ബന്ദിയാക്കി വിചാരണ ചെയ്ത്, മൊബൈല്‍ ഫോണില്‍ ചിത്രമെടുത്ത് അരിയില്‍ ലോക്കല്‍ സെക്രട്ടറിക്ക് അയച്ചുകൊടുത്ത് ഉറപ്പുവരുത്തിയ ശേഷമാണ് വെട്ടിക്കൊന്നത്. ഷുക്കൂറിന്റെ സുഹൃത്ത് സക്കരിയയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

Similar Articles

Comments

Advertismentspot_img

Most Popular