രേണു രാജിന്റെ കസേര തെറിക്കുന്നു…? എട്ടു വര്‍ഷത്തിനിടെ ദേവികുളത്ത് വന്നുപോയത് 14 സബ് കലക്ടര്‍മാര്‍..!!!

മൂന്നാര്‍: എസ്. രാജേന്ദ്രന്‍ എംഎല്‍എയുമായി വാക്കുതര്‍ക്കം ഉണ്ടായ ദേവികുളം സബ് കലക്റ്റര്‍ രേണു രാജിനെതിരേ ഉടന്‍ നടപടിയുണ്ടാകുമെന്ന് സൂചന. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ ദേവികുളത്ത് 14 സബ് കലക്ടര്‍മാരാണു വന്നുപോയത്. രേണുരാജിനെയും ദേവികുളത്തുനിന്നും മാറ്റാനുള്ള മാറ്റാനുള്ള നീക്കങ്ങള്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഭൂമി കയ്യേറ്റങ്ങള്‍ വ്യാപകമായ ദേവികുളം മേഖലയില്‍ കയ്യേറ്റക്കാര്‍ക്കും ഭൂമാഫിയയ്ക്കുമെതിരെ നടപടിയെടുക്കുന്നവരെ സബ് കലക്ടറുടെ കസേരയില്‍ ഇരുത്താന്‍ രാഷ്ട്രീയ നേതൃത്വം അനുവദിക്കില്ലെന്നുള്ളതാണു കാര്യം. ഇതിനാല്‍ അഞ്ചു ദിവസം സബ് കലക്ടറായി ഇരുന്നിട്ട് കസേര തെറിച്ചവര്‍ വരെയുണ്ട് കൂട്ടത്തില്‍. 2010 ജൂണ്‍ 23 ന് ചുമതലയേറ്റ എ. ഷിബു മൂന്നു മാസമേ ഇവിടെ ജോലി ചെയ്തുള്ളൂ. തുടര്‍ന്നു വന്ന എം.ജി. രാജമാണിക്യം ഒന്നര വര്‍ഷം സബ് കലക്ടറായിരുന്നു. 2012 ഏപ്രില്‍ 25 ന് സ്ഥാനമൊഴിഞ്ഞ രാജമാണിക്യത്തിനു ശേഷം കൊച്ചുറാണി സേവ്യര്‍ക്ക് ഒരു മാസം താല്‍ക്കാലിക ചുമതല നല്‍കി. എസ്. വെങ്കിടേശപതി, കെ.എന്‍. രവീന്ദ്രന്‍, മധു ഗംഗാധര്‍, ഇ.സി. സ്‌കറിയ, ഡി. രാജന്‍ സഹായ്, ജി.ആര്‍. ഗോകുല്‍, എസ്. രാജീവ്, സാബിന്‍ സമീദ്, എന്‍.ടി.എല്‍. റെഡ്ഡി, ശ്രീറാം വെങ്കട്ടരാമന്‍, വി.ആര്‍. പ്രേംകുമാര്‍ എന്നിവരാണു തുടര്‍ന്നു വന്നത്.

ഇ.സി. സ്‌കറിയ അഞ്ചു ദിവസം മാത്രമാണു ഈ പദവിയിലിരുന്നത്. ജി.ആര്‍. ഗോകുല്‍ ഒരു വര്‍ഷവും രണ്ടു മാസവും. ഗോകുല്‍ പിന്നീട് ഇടുക്കി ജില്ലാ കലക്ടറായി. എസ്. രാജീവ് രണ്ടു മാസവും, കെ.എന്‍. രവീന്ദ്രന്‍, എന്‍.ടി.എല്‍. റെഡ്ഡി എന്നിവര്‍ ഒരു മാസം വീതവും സബ് കലക്ടറായിരുന്നു.

സബ് കലക്ടറുടെ ഓഫിസിനു മുന്നില്‍ സിപിഎം പോഷക സംഘടനയായ കേരള കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ ഒരു മാസത്തോളം സമരവും നടത്തി. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലിന്റെ പേരിലും കൊട്ടാക്കമ്പൂര്‍, വട്ടവട വില്ലേജുകളിലെ ഭൂരേഖകളുടെ പരിശോധനയുടെ പേരിലുമാണ് ശ്രീറാം വെങ്കട്ടരാമന്‍ സിപിഎം ജില്ലാ നേതൃത്വത്തിന്റെ നോട്ടപ്പുള്ളിയായത്. മന്ത്രി എം.എം. മണി, ജോയ്‌സ് ജോര്‍ജ് എംപി, സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍, ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍ എന്നിവര്‍ ശ്രീറാമിനെ രൂക്ഷമായി വിമര്‍ശിച്ചു രംഗത്തെത്തിയിരുന്നു.

2017 ജൂലൈയിലാണ് പ്രേംകുമാര്‍ ദേവികുളം സബ് കലക്ടറായി ചുമതലയേറ്റത്. ശ്രീറാം തുടങ്ങി വച്ച നടപടികള്‍ മുന്നോട്ടു കൊണ്ടുപോയതോടെ പ്രേംകുമാറിനെതിരെയും സിപിഎം പ്രാദേശിക നേതൃത്വം തിരിഞ്ഞു. കൊട്ടാക്കമ്പൂരിലെ ഭൂരേഖകളുടെ പരിശോധനയ്ക്കായി ഹാജരാകാന്‍ നോട്ടിസ് നല്‍കിയെങ്കിലും ജോയ്‌സ് ജോര്‍ജ് ഹാജരായില്ല. തുടര്‍ന്ന് എംപിയുടെയും കുടുംബത്തിന്റെ പേരിലുള്ള ഭൂമിയുടെ പട്ടയം, പ്രേംകുമാര്‍ റദ്ദാക്കി. വാദം കേള്‍ക്കാതെയാണു പട്ടയം റദ്ദാക്കിയതെന്നു ആരോപിച്ച് എംപി ലാന്റ് റവന്യു കമ്മിഷണര്‍ക്കു പരാതി നല്‍കി. പട്ടയം റദ്ദാക്കിയ നടപടി പിന്‍വലിക്കാന്‍ രാഷ്ട്രീയ സമ്മര്‍ദം ഉയര്‍ന്നെങ്കിലും പ്രേംകുമാര്‍ വഴങ്ങിയില്ല. ഇതേ തുടര്‍ന്നാണ് പ്രേംകുമാറിനെ മാറ്റി പകരം ഡോ. രേണു രാജ് സബ് കലക്ടറായത്.

Similar Articles

Comments

Advertismentspot_img

Most Popular