യാത്രക്കാരുടെ മൂക്കില്‍നിന്ന് രക്തം; കോഴിക്കോട്ടേക്കുള്ള വിമാനം അടിയന്തരമായി തിരിച്ചിറക്കി

മൂക്കില്‍നിന്ന് രക്തം വന്നതുള്‍പ്പെടെ യാത്രക്കാര്‍ക്ക് അസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മസ്‌കറ്റ്-കോഴിക്കോട് വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിനുള്ളില്‍ മര്‍ദവ്യത്യാസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച മസ്‌കത്തില്‍നിന്ന് പറന്നുയര്‍ന്ന് അല്‍പസമയത്തിനുള്ളിലാണ് സംഭവം. വിമാനത്തിനുള്ളില്‍ മര്‍ദവ്യത്യാസമുണ്ടായതിനെ തുടര്‍ന്ന് നാലുയാത്രക്കാരുടെ മൂക്കില്‍നിന്ന് രക്തം വരികയും മറ്റുചിലര്‍ക്ക് ചെവിവേദനയും അനുഭവപ്പെടുകയായിരുന്നു.

വിമാനത്തിനുള്ളിലെ മര്‍ദം ക്രമീകരിക്കുന്ന സംവിധാനത്തിന്റെ തകരാറിനെ തുടര്‍ന്നാണ് യാത്രക്കാര്‍ക്ക് അസ്വസ്ഥതയുണ്ടായത്. തുടര്‍ന്ന് വിമാനം തിരിച്ചിറക്കുകയും യാത്രക്കാര്‍ക്ക് ഡോക്ടറുടെ സേവനം ലഭ്യമാക്കുകയും ചെയ്തതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് സി ഇ ഒ കെ ശ്യാം സുന്ദറിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

മൂന്നു നവജാതശിശുക്കളും ക്രൂ അംഗങ്ങളും ഉള്‍പ്പെടെ 182 പേരാണ് ബോയിങ് 737 വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന്റെ തകരാര്‍ ശരിയാക്കിയതിനു ശേഷം യാത്ര പുനഃരാരംഭിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular