മുല്ലപ്പള്ളിക്കടക്കം ഒരു കോണ്‍ഗ്രസ് നേതാവിനും ആര്‍എസ്എസുകാരുടെ അടിക്കൊണ്ടിട്ടില്ല; ഞങ്ങളൊക്കെ ആര്‍എസ്എസിന്റെ മര്‍ദ്ദനമേറ്റവരാണെന്ന് കോടിയേരി

ന്യൂഡല്‍ഹി: 236 സിപിഎം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ആര്‍എസ്എസുകാരുമായി ഞങ്ങള്‍ ബന്ധപ്പെടുമെന്ന് പറഞ്ഞാല്‍ കേരളത്തിലെ കൊച്ചുക്കുട്ടികള്‍ പോലും വിശ്വസിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുല്ലപ്പള്ളിക്കടക്കം ഒരു കോണ്‍ഗ്രസ് നേതാവിനും ആര്‍എസ്എസുകാരുടെ അടിക്കൊണ്ടിട്ടില്ല. ഞങ്ങളൊക്കെ ആര്‍എസ്എസിന്റെ മര്‍ദ്ദനമേറ്റവരാണ്. അത് കൊണ്ട് ആ ഉമ്മാക്കി കാട്ടി സിപിഎമ്മിന് നേര്‍ക്ക് മുല്ലപ്പള്ളി രാമചന്ദ്രന്‍ വരണ്ട എന്നാണ് പറയാനുള്ളതെന്നും കോടിയേരി പറഞ്ഞു. ഡല്‍ഹിയില്‍ സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന് മുമ്പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൈക്കോടതി നിലനില്‍ക്കില്ലെന്ന് പറഞ്ഞ് തള്ളിയതാണ് ലാവലിന്‍ കേസ്. പഴകി തുരുമ്പിച്ച ഈ കേസുമായി മുല്ലപ്പള്ളി നടക്കണ്ട. മുല്ലപ്പള്ളിക്ക് സിപിഎം വിരോധമാണ് ഉള്ളത്. റഫാല്‍ ആരോപണം മറച്ച് പിടിക്കാനാണ് ലാവലിനുമായി മുല്ലപ്പള്ളി എത്തിയിരിക്കുന്നത്. സിപിഎം ബംഗാളിലടക്കം ഒരു സ്ഥലത്തും കോണ്‍ഗ്രസുമായി മുന്നണിയുണ്ടാക്കില്ല. ധാരണയുണ്ടാക്കുമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ല. അത്തരത്തിലൊരു കാര്യം പാര്‍ട്ടിക്ക് മുന്നില്‍ ഉയര്‍ന്നുവന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ അധികാരത്തിന് പുറത്താക്കുന്നതിനാവശ്യമായ അടവുനയം അതാത് സ്ഥലങ്ങളില്‍ സ്വീകരിക്കുമെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് പറഞ്ഞതാണ്. അത് രഹസ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

SHARE