കുബ്ലെയുടെ അപൂര്‍വ നേട്ടത്തിന് 20 വയസ്സ്..!!! ആ വീഡിയോ ഒരിക്കല്‍ കൂടി കാണാം…

ഇന്ത്യ കണ്ട എക്കാലത്തേയും ഏറ്റവും മികച്ച സ്പിന്‍ ബൗളര്‍ അനില്‍ കുംബ്ലെയുടെ മാജിക് നേട്ടത്തിന് 20 വയസ് പൂര്‍ത്തിയായി. ഒരിന്നിംഗ്‌സിലെ എല്ലാ വിക്കറ്റും പിഴുതെടുത്ത സ്വപ്‌ന തുല്യമായ നേട്ടത്തിനാണ് രണ്ട് പതിറ്റാണ്ട് തികഞ്ഞത്.

1956ല്‍ ഇംഗ്ലണ്ടിന്റെ ജിംലേക്കര്‍ ഈ റെക്കോര്‍ഡ് ആദ്യം നേടിയതിന് ശേഷം ആര്‍ക്കും ഇതിന് പരിസരത്തുപോലും എത്താന്‍ സാധിച്ചിരുന്നില്ല. ആധുനിക ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കിയ ഒരേയൊരു ബൗളര്‍ കുംബ്ലെയാണ്. ഒരു ബൗളര്‍ക്ക് നേടാന്‍ പറ്റുന്നതിന്റെ പരമാവധി. ഇതിനപ്പുറം മറ്റൊന്നില്ല!

1999 ഫെബ്രുവരി 7ന് ദില്ലിയിലെ ഫിറോഷ് ഷാ കോട്‌ല മൈതാനത്താണ് കുംബ്ലൈ പന്തുകൊണ്ട് മാജിക് പ്രകടനം നടത്തിയത്. പാകിസ്താനായിരുന്നു എതിരാളി. പത്ത് വിക്കറ്റുകളും പിഴുതതിന് ശേഷമാണ് അദ്ദേഹം പോലും തന്റെ നേട്ടം എത്ര വലുതാണെന്ന് ഉള്‍ക്കൊണ്ടത്.

പാക് ടീം മൈതാനത്തേക്ക് വരുന്നു, കുംബ്ലെ ഓരോരുത്തരെയായി പവലിയനിലേക്ക് മടക്കി അയയ്ക്കുന്നു. അങ്ങനെ കൂടുതല്‍ വിക്കറ്റുകള്‍ തന്റെ പേരിലേക്ക് ചേര്‍ക്കുന്നു. ഇത് തുടരുന്നു, ഇങ്ങനെ പോയി കാര്യങ്ങള്‍. ആറ് വിക്കറ്റുകള്‍ വീഴുകയും ആറും കുംബ്ലെ നേടുകയും ചെയ്തപ്പോഴാണ് സഹകളിക്കാരും ഇത്തരമൊരു നേട്ടത്തിലേക്ക് കുംബ്ലെ അടുക്കുന്നത് ശ്രദ്ധിച്ചത്.

ഏഴും എട്ടും വിക്കറ്റുകള്‍ എടുത്തപ്പോഴേക്കും ടീമില്‍നിന്ന് കുംബ്ലെക്ക് നല്ല പിന്തുണ ലഭിച്ചുതുടങ്ങി. പാക് ടീമാണെങ്കില്‍ എങ്ങനെ ഈ റെക്കോര്‍ഡ് കുംബ്ലെക്ക് നിഷേധിക്കാം എന്നും ആലോചിച്ചു. റണ്ണൗട്ടാകാന്‍ വരെ അവര്‍ ശ്രമച്ചതായി വസിം അക്രം പിന്നീട് വെളിപ്പെടുത്തി.

അവസാനം വിജയം കുംബ്ലെയുടേതായിരുന്നു. 26.3 ഓവറില്‍ 74 റണ്‍സ് വഴങ്ങി വീഴ്ത്തിയത് 10 വിക്കറ്റുകള്‍! ഇതില്‍ മറ്റൊരു രസകരമായ വസ്തുതയുണ്ട്. പാകിസ്താന്റെ ഏറ്റവും മികച്ച ടീമിനെതിരായി ആയിരുന്നു കുംബ്ലെയുടെ പ്രകടനം. പാക് ടീം ഏറ്റവും മഹാന്മാരായി എക്കാലവും വിശേഷിപ്പിക്കുന്ന എല്ലാ കൊലകൊമ്പന്മാരും അന്ന് കുംബ്ലെയ്ക്ക് ഇരയായി. ഇതിന് സാക്ഷിയായ ഇന്ത്യന്‍ ടീമിലും ഇതിഹാസ താരങ്ങള്‍ എല്ലാവരുമുണ്ടായിരുന്നു.

സയീദ് അന്‍വര്‍, ഷാഹിദ് അഫ്രിദി, സലീം മാലിക്, വസിം അക്രം, ഇന്‍സമാം ഉള്‍ ഹഖ്, മുഹമ്മദ് യൂസഫ്, മോയിന്‍ ഖാന്‍ എന്നിവരെല്ലാം നാണംകെട്ടുമടങ്ങി. 69 റണ്‍സ് നേടിയ സയീദ് അന്‍വറാണ് കുറച്ചെങ്കിലും പിടിച്ചുനിന്നത്. ഇന്ത്യ കളിയും ജയിച്ചു. ഇത്തരത്തില്‍ പാകിസ്താന്‍ നാണക്കേടിന്റെ അങ്ങേയറ്റം കണ്ട മത്സരത്തിന്റെ ഇരുപതാമാണ്ടാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ഇന്നലെ ആഘോഷിച്ചത്.

SHARE