കേന്ദ്ര സര്‍ക്കാരിനെതിരെ മമതാ ബാനര്‍ജി നടത്തിവന്ന ധര്‍ണ്ണ അവസാനിപ്പിച്ചു

കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാരിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തിവന്ന ധര്‍ണ്ണ അവസാനിപ്പിച്ചു. ധര്‍ണ്ണ ധാര്‍മ്മിക വിജയമാണെന്ന് മമതാ ബാനര്‍ജി അവകാശപ്പെട്ടു. കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചുവെന്നും തങ്ങള്‍ ജുഡീഷ്യറിയെ ബഹുമാനിക്കുന്നുവെന്നും മമതാ ബാനര്‍ജി പറഞ്ഞു. ഇന്ന് കോടതിയില്‍ നിന്നുണ്ടായ ഉത്തരവ് നേരത്തെയും വന്നിട്ടുള്ളതാണ്. താന്‍ ചോദ്യം ചെയ്യിലിന് ഹാജരാകില്ലെന്ന് കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാര്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.

ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസുകളില്‍ മമതയുടെ വിശ്വസ്തനായ രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ സി.ബി.ഐ സംഘം എത്തിയതോടെയാണ് ബംഗാള്‍ സര്‍ക്കാരും കേന്ദ്രവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടങ്ങിയത്. രാജീവ് കുമാറിന്റെ കൊല്‍ക്കത്തയിലെ വസതിയില്‍ എത്തിയ അഞ്ചംഗ സി.ബി.ഐ സംഘത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് മാറ്റി. സി.ബി.ഐ സംഘം എത്തിയതോടെ തന്റെ വിശ്വസ്തന് പുര്‍ണ പിന്തുണ നല്‍കി മമതാ ബാനര്‍ജി തന്നെ നേരിട്ട് രംഗത്തിറങ്ങി. തുടര്‍ന്ന് ഞായറാഴ്ച വൈകിട്ട് മുതല്‍ കേന്ദ്രത്തിനെതിരായ ധര്‍ണ്ണയും മമത തുടങ്ങി.

കൊല്‍ക്കത്തയിലെ മെട്രോ ചാനലിന് സമീപമാണ് മമത ബാനര്‍ജി സമരം തുടങ്ങിയത്. ബംഗാള്‍ മന്ത്രിസഭാ യോഗങ്ങളടക്കം മമത തന്റെ സമരപ്പന്തലില്‍ വച്ച് നടത്തി. മൂന്ന് ദിവസം നീണ്ട സമരം അവസാനിപ്പിക്കുമ്പോള്‍ നിരവധി പ്രതിപക്ഷ നേതാക്കളാണ് മമതയ്ക്ക് പിന്തുണ അറിയിച്ച് എത്തിയത്. ബീഹാറില്‍ നിന്ന് തേജസ്വി യാദവും തമിഴ്നാട്ടില്‍ നിന്ന് കനിമൊഴിയും നേരിട്ട് സമരപന്തല്‍ സന്ദര്‍ശിച്ചു. ചന്ദ്രബാബു നായിഡുവും അരവിന്ദ് കെജ്രിവാളും കോണ്‍ഗ്രസ് നേതൃത്വവും മമതയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു.

ഭരണഘടനാ പ്രതിസന്ധി പോലും വകവയ്ക്കാതെ കേന്ദ്രവുമായി നേരിട്ട് ഏറ്റുമുട്ടലിന് ഇറങ്ങിയതോടെ മോഡിയെ എതിര്‍ക്കാന്‍ ശക്തയായ നേതാവാണ് താനെന്ന പ്രതീതി സൃഷ്ടിക്കാനാണ് മമതാ ബാനര്‍ജി ശ്രമിച്ചത്. അതേസമയം തങ്ങളുടെ പരാതിയില്‍ സി.ബി.ഐ അന്വേഷണം വരെ എത്തിയ കേസില്‍ കോണ്‍ഗ്രസിനും മമതയെ പിന്തുണയ്ക്കേണ്ടി വന്നു. ശാരദ ചിട്ടി തട്ടിപ്പ് നടക്കുമ്പോള്‍ മമതയുടെ വിശ്വസ്തനായിരുന്ന മുകുള്‍ റോയ് ഇന്ന് ബി.ജെ.പിയിലാണ് എന്നത് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയെയും പ്രതിരോധത്തിലാക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular