ഋഷികുമാര്‍ ശുക്ല സിബിഐ ഡയറക്റ്റര്‍

ന്യൂഡല്‍ഹി: സി.ബി.ഐ മേധാവിയായി മുന്‍ മധ്യപ്രദേശ് ഡി.ജി.പി ഋഷികുമാര്‍ ശുക്ലയെ പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതി തിരഞ്ഞെടുത്തു. 1983 ബാച്ച് ഐ.പി.എസ് ഓഫീസറായ അദ്ദേഹം രണ്ടു വര്‍ഷം സി.ബി.ഐ യെ നയിക്കും. പ്രധാനമന്ത്രിക്ക് പുറമേ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുര്‍ ഖാര്‍ഗെ എന്നിവരാണ് സമിതിയിലുള്ളത്.

58 കാരനായ ശുക്ല നിലവില്‍ മധ്യപ്രദേശ് പോലീസ് ഹൗസിങ് കോര്‍പറേഷന്‍ ചെയര്‍മാനാണ്. വെള്ളിയാഴ്ച സി.ബി.ഐയുടെ തലവനെ നിയമിക്കാന്‍ വൈകുന്നതില്‍ സുപ്രീംകോടതി നീരസം രേഖപ്പെടുത്തിയിരുന്നു. സി.ബി.ഐ മേധാവി സ്ഥാനം സുപ്രധാനമാണെന്നും അവിടെ ദീര്‍ഘകാലത്തേക്ക് ഇടക്കാല മേധാവിയെ നിയോഗിക്കുന്നത് ആശാസ്യമല്ലെന്നും കോടതി പറഞ്ഞു.

82 പേരുടെ പട്ടികയില്‍ നിന്നും 33 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിരുന്നു. നേരത്തേ ഉന്നതാധികാര സമിതി പലതവണ യോഗം ചേര്‍ന്നെങ്കിലും തീരുമാനമായിരുന്നില്ല. വിവാദങ്ങളേത്തുടര്‍ന്ന് സി.ബി.ഐയില്‍ നിന്നും മാറ്റിയ രാകേഷ് അസ്താനയുടെ പേരും പട്ടികയിലുണ്ടായിരുന്നു.

സി ആര്‍.പി.എഫ് ഡി.ജി , ആര്‍.ആര്‍ ഭട്ട്‌നഗര്‍, സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ അരവിന്ദ് കുമാര്‍ , ഫോറന്‍സിക് സയന്‍സ് ഇന്‍സ്റ്റിട്ട്യൂട്ട് ഡി.ജി ജാവേദ് അഹമ്മദ്, പോലീസ് റിസര്‍ച്ച് ബ്യൂറോ ഡി.ജി എ. പി മഹേശ്വരി എന്നിവരായിരുന്നു പരിഗണനാ പട്ടികയിലുണ്ടായിരുന്ന പ്രമുഖര്‍. സുപ്രീംകോടതി വിധിയിലൂടെ തിരിച്ചെത്തിയ അലോക് വര്‍മയെ ഒഴിവാക്കിയതോടെയാണ് സി.ബി.ഐ മേധാവി സ്ഥാനം ഒഴിവു വന്നത്.

SHARE