പ്രിയനന്ദനന്റെ തലയില്‍ ചാണകവെള്ള ഒഴിച്ച സംഭവത്തില്‍ മുഖ്യ പ്രതി അറസ്റ്റില്‍

തൃശൂര്‍: ശബരിമല വിഷയത്തില്‍ ഫേസ്ബുക്കിലിട്ട വിവാദപോസ്റ്റിന്റെ പേരില്‍ സംവിധായകന്‍ പ്രിയനന്ദനന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ വല്ലച്ചിറ സ്വദേശി സരോവറിനെയാണ് പൊലീസ് പിടികൂടിയത്. കൊടുങ്ങല്ലൂരില്‍ നിന്നുമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിവരം.

പ്രിയനന്ദനന്റെ തൃശ്ശൂര്‍ വല്ലച്ചിറയിലെ വീടിന് മുന്നില്‍ വച്ച് ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ഒരു സംഘം ആക്രമിച്ചതും ദേഹത്ത് ചാണകവെള്ളം തളിച്ചതും. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നും മര്‍ദ്ദിച്ചെന്നും വീടിന് മുന്നില്‍ ചാണകവെള്ളം ഒഴിച്ചെന്നും പ്രിയനന്ദനന്‍ പിന്നീട് പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. വീടിനടുത്ത് സ്ഥിരമായി നടക്കുന്ന സ്ഥലത്ത് കാത്തിരുന്നയാള്‍ പിന്നില്‍ നിന്നും ചാണകവെള്ളം തളിക്കുകയായിരുന്നു. പിന്നാലെ മര്‍ദിക്കുകയും ചെയ്തു. ഇതൊരു തുടക്കം മാത്രമാണെന്നും പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും അക്രമി പറഞ്ഞതായി പ്രിയനന്ദനന്‍ പറഞ്ഞു.

കണ്ടാല്‍ അറിയാവുന്നയാളാണ് ആക്രമിച്ചതെന്ന് പ്രിയനന്ദനന്‍ പറഞ്ഞു. നേരത്തേ ആര്‍പ്പോ ആര്‍ത്തവവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കിലിട്ട കുറിപ്പ് വിവാദമായതിനേത്തുടര്‍ന്ന് അദ്ദേഹം പിന്‍വലിച്ചിരുന്നു. അയ്യപ്പനെ അധിക്ഷേപിച്ചുവെന്നാരോപിച്ച് അയ്യപ്പ കര്‍മസമിതി പ്രവര്‍ത്തകര്‍ പ്രിയനന്ദനന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.

താന്‍ സാധാരണ ഏഴരക്കാണ് നടക്കാനിറങ്ങുന്നത്. ഇന്ന് ഒമ്പതുമണിക്കാണ് പോയത്. അതുവരെ ചാണകവെള്ളവുമായി അയാള്‍ അവിടെ കാത്തിരുന്നുവെന്ന് പ്രിയനന്ദനന്‍ പറഞ്ഞു. ആസൂത്രിതമായ ആക്രമണമാണ് നടന്നത്. നേരത്തേ ഗോപാലകൃഷ്ണന്‍ അടക്കമുള്ളവര്‍ തന്നെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും സാഹിത്യ അക്കാദമിയില്‍ കയറ്റില്ലെന്നും ഭീഷണിപ്പെടുത്തിയിരുന്നു അദ്ദേഹം പറഞ്ഞു.

ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസാണെന്ന് പ്രിയനന്ദനന്‍ ആരോപിച്ചു. പോലീസ് സുരക്ഷക്ക് വേണ്ടി അപേക്ഷിക്കില്ല. ജനാധിപത്യ രാജ്യത്ത് പോലീസ് അകമ്പടിയോടെ നടക്കാന്‍ ആഗ്രിഹിക്കുന്നില്ല. നേരത്തേ വീട്ടിലേക്ക് പ്രകടനമുണ്ടായപ്പോള്‍ പുറത്തുപറയാന്‍ കൊള്ളാത്ത വാക്കുകളുപയോഗിച്ചായിരുന്നു മുദ്രാവാക്യം. അതിനോട് പ്രതികരിക്കാന്‍ തന്റെ സംസ്‌കാരം അനുവദിക്കാതിരുന്നതുകൊണ്ടാണ് അതിന് പിന്നാലെ പോകാഞ്ഞത്. എന്നാല്‍ അക്രമത്തില്‍ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular