ഡബ്ല്യുസിസി അംഗം എറണാകുളത്ത് ഇടതുപക്ഷ സ്ഥാനാര്‍ഥി..?

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ എറണാകുളത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥിയെക്കുറിച്ച് സസ്‌പെന്‍സ് നിലനിര്‍ത്തി സിപിഎം നേതൃത്വം. പി.രാജീവിന്റെ പേരാണ് ചര്‍ച്ചകളില്‍ മുന്നിലെങ്കിലും അദ്ദേഹം സ്ഥാനാര്‍ഥിയായേക്കില്ലെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ചാലക്കുടിയില്‍ വീണ്ടും മല്‍സരിക്കാനില്ലെന്നാണ് പ്രത്യക്ഷ നിലപാടെങ്കിലും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഇന്നസെന്റ് മല്‍സരിക്കും.

സമീപകാലത്ത് അപ്രതീക്ഷിത സ്ഥാനാര്‍ഥികളാണ് എറണാകുളം മണ്ഡലത്തില്‍ ഇടതുമുന്നണിയെ പ്രതിനിധീകരിച്ച് മല്‍സരത്തിനിറങ്ങുന്നത്. കഴിഞ്ഞ തവണ ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റേയും അതിനു മുന്‍പ് സിന്ധു ജോയിയുടേയും സെബാസ്റ്റ്യന്‍ പോളിന്റേയും സ്ഥാനാര്‍ഥിത്വവും അപ്രതീക്ഷിതമായിരുന്നു. ഇത്തവണയും ഒരു സര്‍െ്രെപസ് സ്ഥാനാര്‍ഥി എറണാകുളത്തുണ്ടായാല്‍ അത്ഭുതപ്പെടാനില്ല.

മുന്‍ എംപിയും എറണാകുളത്തെ രാഷ്ട്രീയ സംസ്‌കാരികമണ്ഡലങ്ങളില്‍ സജീവ സാന്നിധ്യവുമായ പി.രാജീവിന്റെ പേരാണ് ചര്‍ച്ചകളില്‍ മുന്നില്‍. കുറേക്കൂടി സുരക്ഷിതമായ ചാലക്കുടിയാണ് രാജീവിന് താല്‍പര്യമെന്നാണ് സൂചന. ചാലക്കുടിയില്‍ വീണ്ടും മല്‍സരിക്കാനില്ലെന്ന് പുറത്തുപറയുമ്പോഴും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മല്‍സരിക്കാമെന്നാണ് ഇന്നസെന്റിന്റെ മനസിലിരുപ്പ്. ഇന്നസെന്റ് വീണ്ടും മല്‍സരിക്കാന്‍ തയാറാണെങ്കില്‍ ചാലക്കുടിയില്‍ മറ്റൊരു സ്ഥാനാര്‍ഥി വേണോയെന്ന് സിപിഐഎമ്മിന് രണ്ടാമത് ആലോചിക്കേണ്ടിവരും.

എറണാകുളത്ത് ഉപതെരഞ്ഞെടുപ്പുകളില്‍ വെന്നിക്കൊടി പാറിച്ച സെബാസ്റ്റ്യന്‍ പോള്‍ ഇനി തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പാര്‍ട്ടി നേതൃത്വത്തിന്റെ സമ്മര്‍ദത്തിനു മുന്നില്‍ തീരുമാനം മാറ്റുമോ എന്നു കാത്തിരുന്നു കാണണം.

പാര്‍ട്ടി നേതൃത്വവുമായി അടുപ്പം പുലര്‍ത്തുന്ന നടന്‍ മമ്മൂട്ടിയുടെ പേരും ഉയര്‍ന്നുവന്നെങ്കിലും മല്‍സരത്തിനില്ലെന്ന നിലപാടിലാണ് അദ്ദേഹം. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സിനിമയ്ക്കകത്തും പുറത്തും ഉടലെടുത്ത വനിതാമുന്നേറ്റത്തിന്റെ തുടര്‍ച്ചയായി വിമന്‍ ഇന്‍ സിനിമ കലക്ടീവില്‍ നിന്ന് ഒരു സ്ഥാനാര്‍ഥിയും എറണാകുളത്ത് ഉണ്ടായേക്കാം. അന്തരിച്ച സിപിഐഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌കറിന്റെ പേരും ചര്‍ച്ചയില്‍ ഉയരുന്നുണ്ട്. എറണാകുളം, ചാലക്കുടി മണ്ഡലങ്ങളില്‍ ആരു സ്ഥാനാര്‍ഥിയായാലും വിജയം ഉറപ്പെന്ന ആത്മവിശ്വാസത്തിലാണ് സിപിഐഎം ജില്ലാ നേതൃത്വം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വൈപ്പിന്‍ നിലനിര്‍ത്തിയതിനൊപ്പം കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലങ്ങളായിരുന്ന തൃപ്പൂണിത്തുറയും കൊച്ചിയും തിരിച്ചുപിടിച്ചതാണ് ഇടതുമുന്നണിയുടെ ആത്മവിശ്വാസത്തിന്റെ അടിത്തറ. ഏഴു നിയോജകമണ്ഡലങ്ങളില്‍ കളമശേരി, പറവൂര്‍, എറണാകുളം, തൃക്കാക്കര എന്നിവയിലാണ് യുഡിഎഫ് വിജയിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular