ഇന്ത്യന്‍ ബൗളര്‍മാരില്‍നിന്ന് ഇതില്‍ കൂടുതല്‍ എന്ത് ആവശ്യപ്പെടാനാകുമെന്ന് കോഹ്‌ലി

നേപ്പിയര്‍: ഒന്നാം ഏകദിനത്തില്‍ കണ്ടത് ടീം ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഈ മല്‍സരത്തില്‍ തന്നതില്‍ കൂടുതല്‍ ഇന്ത്യന്‍ ബോളര്‍മാരില്‍നിന്ന് എന്ത് ആവശ്യപ്പെടാനാണെന്നും കോഹ്‌ലി ചോദിച്ചു. നേപ്പിയര്‍ ഏകദിനത്തില്‍ എട്ടു വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയശേഷം സംസാരിക്കുകയായിരുന്നു കോഹ്‌ലി.

‘ടോസ് നഷ്ടമായപ്പോള്‍, ന്യൂസീലന്‍ഡ് ഉറപ്പായും 300 കടക്കുമെന്നായിരുന്നു എന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ബോളര്‍മാരുടെ മികവ് എന്റെ എല്ലാ കണക്കുകൂട്ടലുകളും തകര്‍ത്തു. ഈ മൈതാനത്ത് ആതിഥയേരെ 150 റണ്‍സിനടുത്ത് ഒതുക്കുകയെന്നത് നിസ്സാരമല്ല. മുഹമ്മദ് ഷമിയുടെ കഴിവുകളില്‍ വിശ്വസിച്ചാല്‍ അദ്ദേഹം അത് ഇരട്ടിയായി തിരിച്ചുതരും എന്നതാണ് അനുഭവം. ഏതു ടീമിനെയും എവിടെയും പുറത്താക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുള്ള ബോളിങ് യൂണിറ്റാണ് നമുക്കുള്ളത്’ കോഹ്‌ലി പറഞ്ഞു.

ലൈനും ലെങ്തും കാത്തുസൂക്ഷിച്ച് മികച്ച ബോളിങ് പ്രകടനം കാഴ്ചവച്ച സ്പിന്നര്‍മാരെയും കോഹ്‌ലി അഭിനന്ദിച്ചു. രണ്ടാമത്തെ പകുതിയില്‍ മാത്രമാണ് പിച്ച് അല്‍പം മെല്ലെയായത്. എന്നിട്ടും മികച്ച ലൈനിലും ലെങ്തിലും ബോള്‍ ചെയ്യാന്‍ നമ്മുടെ സ്പിന്നര്‍മാര്‍ക്കു കഴിഞ്ഞു. ശിഖര്‍ ധവാന്റെ പ്രകടനവും വളരെ നിര്‍ണായകമായി. താളം കണ്ടെത്താന്‍ ഇത്തരമൊരു പ്രകടനം അദ്ദേഹത്തിന് വളരെ ആവശ്യമായിരുന്നു. താളം കണ്ടെത്തിക്കഴിഞ്ഞാല്‍ ഇത്രയും അപകടകാരിയായ വേറെ ബാറ്റ്‌സ്മാനില്ല’ കോഹ്‌ലി പറഞ്ഞു.
സൂര്യപ്രകാശം ബാറ്റ്‌സ്മാന്റെ കണ്ണിലേക്ക് അടിക്കുന്നതു നിമിത്തം കളി നിര്‍ത്തിവയ്ക്കുന്നത് ആദ്യത്തെ അനുഭമാണെന്നും ഒരു ചോദ്യത്തിന് ഉത്തരമായി കോഹ്‌ലി പറഞ്ഞു. 2014ല്‍ ഇതേ സ്റ്റേഡിയത്തില്‍ സമാനമായ പ്രശ്‌നം താനും നേരിട്ടിരുന്നുവെന്ന് കോഹ്‌ലി പറഞ്ഞു. അന്ന് ഇത്തരമൊരു നിയമം ഇല്ലാതിരുന്നതിനാല്‍ പന്തു കാണാതെ പുറത്താവുകയും ചെയ്‌തെന്ന് കോഹ്‌ലി ചൂണ്ടിക്കാട്ടി.

Similar Articles

Comments

Advertismentspot_img

Most Popular