നേപ്പിയര്‍ ഏകദിനം; ഇന്ത്യയ്‌ക്കെതിരേ ന്യൂസിലാന്‍ഡിന് തകര്‍ച്ചയോടെ തുടക്കം; ഷമിക്കും ചാഹലിനും രണ്ടു വിക്കറ്റ്

നേപ്പിയര്‍: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റ് ചെയ്യുന്ന ന്യൂസിലന്‍ഡിന് നാല് വിക്കറ്റുകള്‍ നഷ്ടമായി. അപകടകാരിയായ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ (5)യും കോളിന്‍ മണ്‍റോ (8)യേയും പുറത്താക്കി ഷമിയാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെന്ന നിലയിലാണ് ന്യൂസിലന്‍ഡ്. റോസ് ടെയ്ലര്‍ മൂന്നാമനായും ലതല്‍ നാലാമനായും പുറത്തായി. ചാഹലിനാണ് ഇരുവരുടെയും വിക്കറ്റ്.

നേരത്തെ ടോസ് നേടിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസ്‌ട്രേലിയക്കെതിരായ പരമ്പര അതിഗംഭീരമായി അവസാനിപ്പിച്ച ശേഷമാണ് ഇന്ത്യന്‍ ടീം ന്യൂസീലന്‍ഡിലെത്തിയിരിക്കുന്നത്.

റണ്ണൊഴുക്കിനു പേരുകേട്ടതാണ് നേപ്പിയറിലെ പിച്ച്. മേയ് അവസാന വാരം തുടങ്ങുന്ന ഏകദിന ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാനത്തെ നിര്‍ണായക പരമ്പരയാണിത്. അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളും അടങ്ങിയതാണ് ഇന്ത്യയുടെ ന്യൂസീലന്‍ഡ് പര്യടനം.

ഇന്ത്യയുമായി അവസാനം കളിച്ച രണ്ട് പരമ്പരകളിലും ന്യൂസീലന്‍ഡിന് തോല്‍വിയായിരുന്നു. രണ്ടുവട്ടവും ഇന്ത്യയിലായിരുന്നു കളി. 2017-18 സീസണില്‍ മൂന്നു മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-1-ന് ജയിച്ചപ്പോള്‍ 2016-17 സീസണില്‍ 3-2-നായിരുന്നു ഇന്ത്യന്‍ ജയം. എന്നാല്‍, 2013-14 സീസണില്‍ ന്യൂസീലന്‍ഡില്‍ പര്യടനം നടത്തിയപ്പോള്‍ 4-1 ന് കിവികള്‍ ജയിച്ച ചരിത്രവുമുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular