സിബിഐയില്‍ വീണ്ടും കൂട്ട സ്ഥലംമാറ്റം: നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നീ കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരടക്കം 20പേരെയാണ് സ്ഥലമാറ്റയിരിക്കുന്നത്

ന്യൂഡല്‍ഹി: സിബിഐയില്‍ 20 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലമാറ്റം. തിങ്കളാഴ്ചയാണ് കൂട്ട സ്ഥലമാറ്റം നടന്നത്. സാമ്പത്തിക കുറ്റകൃത്യത്തിന് അന്വേഷണം നേരിടുന്ന നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവര്‍ക്കെതിരായ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരും സ്ഥലം മാറ്റപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പുതിയ സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കുന്നതിന് പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി വ്യാഴാഴ്ച യോഗംചേരാനിരിക്കേയാണ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ട് താല്‍കാലിക ഡയറക്ടര്‍ നാഗേശ്വര റാവു ഉത്തരവിട്ടിരിക്കുന്നത്.
കേരളത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റമുണ്ട്. കൊച്ചി യൂണിറ്റ് എസ്.പി. എ. ഷിയാസിനെ മുംബൈയിലേയ്ക്ക് സ്ഥലംമാറ്റി. കാലാവധി തികയുന്നതിന് ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് ഷിയാസിനെ സ്ഥലംമാറ്റിയിരിക്കുന്നത്. പി. ബാലചന്ദ്രനെ കൊച്ചിയിലേയ്ക്കും സ്ഥലംമാറ്റിയിട്ടുണ്ട്. വൈ. ഹരികുമാറിന് തിരുവനന്തപുരം യൂണിറ്റിന്റെ അധിക ചുമതല നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം യൂണിറ്റില്‍ സ്ഥിരം എസ്പിയെ നിയമിച്ചിട്ടില്ല.
നീരവ് മോദിക്കും മെഹുല്‍ ചക്‌സിക്കും എതിരായ കേസുകള്‍ അന്വേഷിക്കുന്ന എസ്. കെ. നായരെ മുംബൈ ആന്റി കറപ്ഷന്‍ ബ്യൂറോയിലേക്കാണ് സ്ഥലംമാറ്റിയിരിക്കുന്നത്. സ്‌റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരായ സമരം സംബന്ധിച്ച കേസുകള്‍ അന്വേഷിച്ച എസ്പി എ. ശരവണനെയാണ് തല്‍സ്ഥാനത്ത് നിയമിച്ചിരിക്കുന്നത്.
ടുജി സ്‌പെക്ട്രം കേസ് അന്വേഷിച്ച വിവേക് പ്രിയദര്‍ശിയെയും സ്ഥലംമാറ്റിയിട്ടുണ്ട്. ചണ്ഢീഗഡിലേയ്ക്കാണ് അദ്ദേഹത്തെ സ്ഥലംമാറ്റിയിരിക്കുന്നത്. സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥര്‍ നിലവില്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസുകള്‍ തുടര്‍ന്നും അന്വേഷണം നടത്താമെന്നും ഉത്തരവില്‍ പറയുന്നു.
അലോക് വര്‍മയെ സ്ഥാനത്തുനിന്ന് നീക്കിയത് സുപ്രീം കോടതി റദ്ദാക്കുകയും അദ്ദേഹം വീണ്ടും ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ടു ദിവസത്തിനു ശേഷം പ്രധാനമന്ത്രി തലവനായ സെലക്ഷന്‍ കമ്മിറ്റി അദ്ദേഹത്തെ വീണ്ടും പുറത്താക്കി. തുടര്‍ന്നാണ് നാഗേശ്വര റാവുവിനെ വീണ്ടും താല്‍കാലിക ഡയറക്ടറാക്കിയത്.

SHARE